ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ സിനിമയായ മാലികിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി നടന്‍ ഇന്ദ്രന്‍സ്. ബീമാ പള്ളിയുടെ ചരിത്രമല്ല സിനിമ പറയുന്നതെന്നും വെടിവെപ്പ് കാലത്തുണ്ടായ സംഭവങ്ങള്‍ പുറത്ത് പറയാന്‍ കൊള്ളാത്തതാണെന്നും ഇന്ദ്രന്‍സ് പറഞ്ഞു. സംവിധായകന്റെ കലയും ഭാവനയുമാണ് സിനിമ. സിനിമയില്‍ മുസ്ലിങ്ങളെ മോശക്കാരാക്കി ചിത്രീകരിച്ചതായി തോന്നിയിട്ടില്ലെന്നും ഇന്ദ്രന്‍സ് വ്യക്തമാക്കി.
”ബീമാപള്ളിയുടെ ചരിത്രമൊന്നുമല്ല മാലിക്. കൊച്ചിയെന്ന് പറഞ്ഞ് സിനിമ ഇറങ്ങിയാല്‍ അത് കൊച്ചിയുടെ കഥയാകുമോ? ഇത് സിനിമയാണ്. സംവിധായകന്റെ കലയും അദ്ദേഹത്തിന്റെ ഭാവനയുമാണത്. സംഭവങ്ങളില്‍ നിന്ന് പ്രചോദനം സംവിധായകന്‍ ഉള്‍ക്കൊണ്ടിട്ടുണ്ടാകാം.
ബീമാ പള്ളിയുടെ ചരിത്രമല്ലിത്. വെടിവെപ്പ് കാലത്തുണ്ടായ സംഭവങ്ങള്‍ പുറത്ത് പറയാന്‍ കൊള്ളാത്തതാണ്. മോശമാണ്. സിനിമ മുസ്ലിങ്ങളെ മോശക്കാരാക്കി ചിത്രീകരിച്ചതായി എനിക്ക് തോന്നിയില്ല. സംവിധായകന്റെ തീരുമാനമാണ് സിനിമ. ചരിത്രമെഴുതി വച്ചതാണെന്ന് സംവിധായകന്‍ അവകാശപ്പെടുന്നുമില്ല. മാലിക് എല്ലാ അര്‍ഥത്തിലും സംവിധായകന്റെ ചിത്രമാണ്.”
മാലിക് സിനിമയ്ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ ഭയന്ന് ഒളിച്ചോടില്ലെന്ന് സംവിധായകന്‍ മഹേഷ് നാരായണനും കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മാലിക് പിന്‍വലിക്കാന്‍ ആലോചിച്ചെന്ന മട്ടില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും മഹേഷ് നാരായണന്‍ പറഞ്ഞു.
സിനിമയെ വിമര്‍ശിക്കുന്നവര്‍ ചിത്രം മുഴുവനായി കാണാതെയാണ് സംസാരിക്കുന്നത്. കൃത്യമായി കാണുന്നവര്‍ക്ക് എന്താണെന്ന് മനസ്സിലാകും. അല്ലാതെ സംസാരിക്കുന്നവരുടെ പ്രശ്നം എന്താണെന്ന് അറിയില്ല. വര്‍ഷങ്ങളായി നീതി ലഭിക്കാത്ത ഒരു പ്രശ്നത്തിലേക്ക് ഒരു സിനിമയുടെ പേരിലെങ്കിലും വെളിച്ചം വീശുന്നുണ്ടെങ്കില്‍ അത്രയം നല്ലതാണെന്നും മഹേഷ് നാരായണന്‍ പറഞ്ഞു.
ബീമാപ്പള്ളി വെടിവെപ്പില്‍ സര്‍ക്കാരിന്റെ പങ്ക് മാലിക്കില്‍ മനപൂര്‍വ്വം മഹേഷ് നാരായണന്‍ ഒഴിവാക്കിയെന്നും വെളുപ്പിക്കലാണ് നടന്നതെന്നുമാണ് ചിത്രത്തിനെതിരെ ഉയര്‍ന്ന പ്രധാന ആരോപണം.
മാലിക് ഒരു സാങ്കല്‍പ്പിക കഥയാണെങ്കില്‍, ചിത്രത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മാത്രമേ കാണിക്കുന്നുള്ളൂ. അതും, പച്ചക്കൊടിയുള്ളത്. എന്തുകൊണ്ട്? ലക്ഷദ്വീപിനെ കുറ്റവാളികളുടെ ഒളികേന്ദ്രമായി ചിത്രീകരിക്കുന്നത് എന്തുകൊണ്ട്? രണ്ട് വിഭാഗങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ ഒന്നിനെ മാത്രം തീവ്രവാദവുമായി ബന്ധിപ്പിക്കുന്നതെന്തുകൊണ്ട്.? എന്ന് എന്‍എസ് മാധവന്‍ വിമര്‍ശിച്ചിരുന്നു.