കെഎസ്ആര്‍ടിസി നിയമന ഉത്തരവു ലഭിച്ചവരില്‍ പകുതി ആളുകള്‍ പോലും എത്താനിടയില്ല; ഇതിനകം മുടങ്ങിയത് 1093 സര്‍വീസുകള്‍

പിഎസ്‌സി ലിസ്റ്റിലെ റാങ്ക് ഹോള്‍ഡേഴ്‌സില്‍ പകുതിയിലേറെ പേരും കെഎസ് ആര്‍ടിസിയില്‍ ജോലിക്ക് എത്താന്‍ സാധ്യതയില്ലെന്ന് കണക്കുകൂട്ടല്‍.

തിരുവനന്തപുരം: എം പാനല്‍ ജീവനക്കാര്‍ക്ക് പകരമായി നിയമിക്കുന്ന പിഎസ്‌സി ലിസ്റ്റിലെ റാങ്ക് ഹോള്‍ഡേഴ്‌സില്‍ പകുതിയിലേറെ പേരും കെഎസ് ആര്‍ടിസിയില്‍ ജോലിക്ക് എത്താന്‍ സാധ്യതയില്ലെന്ന് കണക്കുകൂട്ടല്‍. കെഎസ് ആര്‍ടിസിയില്‍ നിന്നു പിരിച്ചുവിട്ട 4,071 താല്‍ക്കാലിക ജീവനക്കാര്‍ക്കു പകരം പിഎസ്‌സി പട്ടികയില്‍ നിന്നു നിയമന ഉത്തരവു ലഭിച്ചത് 4,051 പേര്‍ക്കാണ്. ഇതില്‍ 1,500 പേര്‍ പോലും ജോലിക്കു ഹാജരാകാനിടയില്ല. 2010ല്‍ സമാനരീതിയില്‍ നിയമനം നടത്തിയപ്പോള്‍ പലയിടത്തും ഹാജരായതു മൂന്നിലൊന്നു പേര്‍ മാത്രം.

നിയമന ശുപാര്‍ശ ലഭിച്ചവരെല്ലാം മുഖ്യഓഫിസില്‍ ഇന്നു ഹാജരായി ജോലിയില്‍ ചേരണമെന്നാണു നിര്‍ദേശം. മറ്റു റാങ്ക് പട്ടികയിലുള്ളവരും ജോലികള്‍ നേടിയവരും ഒട്ടേറെയുള്ളതിനാല്‍ ഇവരൊന്നും എത്താന്‍ സാധ്യതയില്ല. 2013 ലെ പട്ടികയിലുള്ളവരില്‍ 700 പേര്‍ മാത്രമാണ് ഇപ്പോള്‍ സജീവമെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ് സംഘടന ചൂണ്ടിക്കാട്ടുന്നു.

നിയമന ഉത്തരവ് ലഭിച്ചവരില്‍ 1,456 പേര്‍ വനിതകളാണ്. ഇന്നു ഹാജരാകുന്നവരെ വിവിധ യൂണിറ്റുകളിലേക്ക് അയയ്ക്കും. സാധാരണ 2 ദിവസത്തെ ഓറിയന്റേഷന്‍ ക്ലാസ് അതതു യൂണിറ്റുകളില്‍ തന്നെയാണ്. ആര്‍ടിഒ ഓഫിസിലെ കണ്ടക്ടര്‍ പരീക്ഷയും പാസാകണം.

Exit mobile version