‘ദൈവം തന്ന ലിംഗം മുറിച്ചതിന്റെ ശിക്ഷയാണത്രേ…”ഇന്നലെ മുതല്‍ കേള്‍ക്കുന്ന ചില പട്ടികുരകളുണ്ട്, കാലിനിടയിലെ ലിംഗം കൊണ്ട് മാത്രം ചിന്തിക്കുന്നവര്‍, മാറേണ്ടത് മലയാളികളുടെ മനസ്സാണ്; വൈറലായി കുറിപ്പ്

കൊച്ചി: ലിംഗ മാറ്റ ശസ്ത്രക്രിയയിലെ പിഴവുമൂലം ദുരിതമനുഭവിക്കുകയായിരുന്ന ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സ് കൊച്ചിയിലെ ഫ്ളാറ്റില്‍ ജീവനൊടുക്കിയ സംഭവം ഏറെ വേദനയോടെയാണ് കേരളക്കര കേട്ടത്. അനന്യയുടെ മരണത്തിന് പിന്നാലെ വലിയ ചര്‍ച്ചയും പ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.

ലിംഗമാറ്റ ശസ്ത്രക്രിയയെത്തുടര്‍ന്ന് ശാരീരിക പ്രശ്നങ്ങള്‍ നേരിട്ട അനന്യ നേരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ആരോപണം ഉയര്‍ത്തിയിരുന്നു. ഇപ്പോഴിതാ, അനന്യയുടെ മരണവുമായി ബന്ധപ്പെട്ട് ദേവിക എം.എ ഫെയ്‌സ്ബുക്കില്‍ കുറിച്ചത് ശ്രദ്ധേയമാകുന്നു.

അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്ന ചര്‍ച്ചകളില്‍ ഇടപെട്ടാണ് ദേവികയുടെ പ്രതികരണം. ട്രാന്‍സ് കമ്മ്യൂണിറ്റിക്ക് നിയമപരമായ സപ്പോര്‍ട്ട് നല്‍കുക മാത്രമല്ല സ്റ്റേറ്റിന്റെ ഉത്തരവാദിത്വം. അവരുടെ ലിംഗമാറ്റ ശസ്ത്രക്രിയക്ക് സേഫായി / സൗജന്യമായി സജ്ജീകരണം ചെയ്യാനാകുന്ന സാങ്കേതിക മികവുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ നമ്മുടെ നാടിന് ആവശ്യമാണെന്ന് ദേവിക പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

‘പച്ചമാംസം വെട്ടിക്കീറിയതുപോലെയാണ് എന്റെ വജൈന’
അനന്യയുടെ അവസാനത്തെ വാക്കുകളാണിത്.
ഏത് അനന്യയാണ് ?

ആണും പെണ്ണും മാത്രമേ ഭൂലോകത്തുള്ളു എന്ന് വിശ്വസിക്കുന്ന ആനയെ തൊട്ടറിഞ്ഞ കാഴ്ച ഇല്ലാത്തവരുടെ മാനസിക വ്യവസ്ഥയുള്ള വിഡ്ഢികളുടെ ഒരു നാട്ടില്‍ ജനിച്ച് വളര്‍ന്ന , സ്വന്തം സ്വത്വം തിരിച്ചറിഞ്ഞ നാള്‍ മുതല്‍ നശിച്ച ഈ സമൂഹത്തോടും ഇവിടത്തെ നെറികെട്ട മനുഷ്യരോടും പൊരുതി പണിയെടുത്ത് പഠിച്ച് 28 വയസ്സു വരെ ജീവിച്ച കലാകാരിയായ , മിടുക്കിയായ ട്രാന്‍സ് പെണ്‍കുട്ടി. തന്റെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ കൈപിഴവു കാരണം എഴുന്നേറ്റു നടക്കാനോ ജോലി ചെയ്യാനോ ചിരിക്കാനോ മര്യാദക്ക് കിടന്നുറങ്ങാനോ പോലും സാധിക്കാതെ വേദന തിന്ന് മടുത്ത് സ്വയം ജീവിതം അവസാനിപ്പിച്ച പെണ്‍കുട്ടി . മെയില്‍ ഷോവനിസവും അധികാര – ആണത്ത രാഷ്ട്രീയവും അടക്കിവാഴുന്ന ഒരു സമൂഹത്തില്‍ സ്ത്രീ എന്ന പൊതു സ്വീകാര്യതയുള്ള ജെണ്ടര്‍ ഐഡന്റിറ്റി നടത്തിയ നമ്മെ പോലുള്ളവര്‍ക്കു പോലും പൊരുതി നേടാനാവാത്ത എത്രയധികം മേഖലകളില്‍ കഴിവു തെളിയിച്ച ഒരാള്‍ .
പാവം !

അവളുടെ ജീവിതം എന്തു വലിയ സമരം ആയിരുന്നിരിക്കണം. ഇതിനോടകം മരണതുല്യമായ എത്ര ദുരനുഭവങ്ങളെയും അപമാനങ്ങളെയും അതിജീവിച്ചിട്ടുണ്ടാകണം അവള്‍… എന്നിട്ടും ഒരിക്കല്‍ പോലും ആ പെണ്‍കുട്ടി ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടില്ല എങ്കില്‍ ഈ മരണം അവള്‍ എത്ര നിസ്സഹായതയോടെ , എത്ര മാനസികാഘാതത്തോടെ തിരിഞ്ഞെടുത്തതാകും… ഇത് റിനെയ് മെഡിസിറ്റിയിലും ഡോക്ടര്‍ അര്‍ജുനിലും മാത്രം ഒതുങ്ങേണ്ട കുറ്റവാളിത്വം അല്ല. LGBTQ കമ്യൂണിറ്റിയോട് കോട്ടിട്ടവരില്‍ തുടങ്ങി കാക്കിയിട്ടവര്‍ക്ക് വരെ ഉള്ള negligence / അസഹിഷ്ണുത / ചൂഷണമനോഭാവം / അഹന്തയൊക്കെയാണിത്. പിന്നെ സാധാരണക്കാരുടെ കാര്യം പറയേണ്ടതില്ലല്ലോ. മനുഷ്യ വൈവിധ്യങ്ങളെ, തീര്‍ത്തും വ്യക്തിപരമായ സ്വാതന്ത്ര്യങ്ങളെ വൈകല്യങ്ങളായും മാനസിക രോഗമായും കോമാളിത്തരങ്ങളും കുറ്റകൃത്യവുമായി വരെ പരിഗണിക്കുന്ന അപഹസിക്കുന്ന ഒറ്റപ്പെടുത്തുന്ന തക്കം കിട്ടുമ്പോഴെല്ലാം അവരെ കുത്തിനോവിക്കുന്ന / കള്ളക്കേസുകളില്‍ കുടുക്കുന്ന / ക്രിമിനല്‍വല്‍ക്കരിക്കുന്ന ഒരു സിസ്റ്റത്തിന്റെ ഭാഗമാണ് നമ്മള്‍ ഓരോരുത്തരും.
കുറ്റബോധം കൊണ്ട് തല താഴ്ന്ന് പോകുന്നു.

നമ്മള്‍ പെണ്ണായതു കൊണ്ടാണല്ലോ അവര്‍ പെണ്ണല്ലാതാകുന്നത് എന്നോര്‍ക്കുമ്പോള്‍. ട്രാന്‍സ് ജെണ്ടേഴ്‌സിന്റെ ലിംഗമാറ്റ ശാസ്ത്രക്രിയക്കെതിരെ ഇന്നലെ മുതല്‍ കേള്‍ക്കുന്ന ചില പട്ടികുരകളുണ്ട്. ‘ദൈവം തന്ന ലിംഗം മുറിച്ചതിന്റെ ശിഷ്യയാണത്രേ…” ഒരു വ്യക്തിയുടെ ഏറ്റവും അടിസ്ഥാനപരമായ അവകാശവും ആഗ്രഹവും കൂടിയാണ് അയാളായിരിക്കുന്ന അവസ്ഥയില്‍ മാനസികവും ശാരീരികവുമായി ജീവിക്കുക എന്നത്… സ്വത്വം എന്നത് എന്തൊരു വലിയ സ്വപ്നമായിരിക്കും അവര്‍ക്ക്. പരിഹസിച്ച എത്ര പേരോടുള്ള വാശിയും വിജയവുമായിരിക്കും അത്. അതിനു വേണ്ടിയുള്ള ഓരോ ട്രാന്‍സ് ജണ്ടറിന്റേയും അധ്വാനം എത്ര കാലത്തെ പ്രയത്നമായിരിക്കും. അതൊന്നും ചിന്തിക്കാന്‍ പോലും നിങ്ങള്‍ക്കാവാത്തത് നിങ്ങളുടെ ദൈവം വലിയൊരു നുണയായതു കൊണ്ടാണ്.

കാലിനിടയിലെ ലിംഗം കൊണ്ട് മാത്രം ചിന്തിക്കുന്ന ,ലിംഗത്തിന്റെ പെവര്‍ ഗ്ലോറിഫൈ ചെയ്യുന്ന റേപ്പ് ജോക്ക് മുതല്‍ ദിവസത്തില്‍ നാല് നേരം ആണത്ത പ്രസംഗം നടത്തുന്ന , പൗരുഷത്തിന്റെ തിരിച്ചറിയല്‍ രേഖ കുറച്ചധികം മാംസമാണെന്ന് കരുതുന്ന നിങ്ങള്‍ക്കിടയില്‍ അതങ്ങ് മുറിച്ചു മാറ്റി താന്‍ പെണ്ണാണെന്ന് പ്രഖ്യാപിക്കുന്നതും ഒരു രാഷ്ട്രീയമാണ്. മാറേണ്ടത് മലയാളികളുടെ മനസ്സാണ്. ജണ്ടര്‍ നിര്‍മ്മിതിയെ കുറിച്ച് അബദ്ധധാരണകള്‍ പ്രൊപ്പഗേറ്റ് ചെയ്യുന്ന നമ്മുടെ വിദ്യാഭ്യാസ രീതിയും ഇവിടത്തെ സാമൂഹിക വ്യവസ്ഥിതികളുമാണ്. ട്രാന്‍സ് കമ്മ്യൂണിറ്റിക്ക് നിയമപരമായ സപ്പോര്‍ട്ട് നല്‍കുക മാത്രമല്ല സ്റ്റേറ്റിന്റെ ഉത്തരവാദിത്വം. അവരുടെ ലിംഗമാറ്റ ശസ്ത്രക്രിയക്ക് സേഫായി / സൗജന്യമായി സജ്ജീകരണം ചെയ്യാനാകുന്ന സാങ്കേതിക മികവുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ നമ്മുടെ നാടിന് ആവശ്യമാണ്. അല്ലാത്തിടത്തോളം കാലം കുത്തക – സ്വകാര്യ സ്ഥാപനങ്ങളുടെ കൊള്ളയടിയിലും പരീക്ഷണങ്ങളിലും കൊലപാതകങ്ങളിലും തീര്‍ത്തും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹം കൂടി ഇനിയും ഇരകളായിക്കൊണ്ടിരിക്കും. ക്രൂരതയാണത്.
– ദേവിക

Exit mobile version