ആലപ്പുഴ: സഹോദരീ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല കടക്കരപ്പള്ളിയിലാണ് സംഭവം. തളിശേരിതറ ഹരികൃഷ്ണ ആണ് മരിച്ചത്. 25 വയസ്സായിരുന്നു. സംഭവം കൊലപാതകമാണെന്ന സംശയം ഉയര്‍ന്നിണ്ട്.
യുവതിയുടെ മരണത്തിന് പിന്നാലെ സഹോദരീ ഭര്‍ത്താവ് കടക്കരപ്പള്ളി പുത്തന്‍കാട്ടില്‍ രതീഷ് ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് തെരച്ചിലിലാണ്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താല്‍ക്കാലിക നഴ്സാണ് ഹരികൃഷ്ണ. സഹോദരിയുടെ കുട്ടികളെ നോക്കാനാണ് ഹരികൃഷ്ണ സഹോദരീ ഭര്‍ത്താവിന്റെ വീട്ടിലെത്തിയത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രി നഴ്സായ ഹരികൃഷ്ണയുടെ സഹോദരിക്കു വെള്ളിയാഴ്ച രാത്രി ജോലിയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് കുട്ടികളെ നോക്കാനായി രതീഷ്, ഹരികൃഷ്ണയെ വീട്ടിലേക്കു വരുത്തി എന്നാണു പ്രാഥമിക വിവരം.
ഹരികൃഷ്ണയെയും രതീഷിനെയും ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് ഹരികൃഷ്ണയുടെ വീട്ടുകാര്‍ പൊലീസുമായി ചേര്‍ന്നു നടത്തിയ അന്വേഷത്തിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.