രാപ്പകല്‍ ഇല്ലാതെ വീടിനു മുകളിലേയ്ക്ക് കല്ലുമഴ; ആരും എറിയുന്നതല്ല, ഇത് ഭൂമിയുടെ ഉപരിതലത്തില്‍ നിന്നു കല്ലുകള്‍ തെറിച്ചു വീഴുന്നത്! അമ്പരപ്പ്

ഉപ്പുതറ: രാപ്പകല്‍ ഇല്ലാതെ വീടിന്റെ മേല്‍ക്കൂരയിലേക്ക് ചറപറ കല്ലുകള്‍ വന്നുവീഴുന്നതിന്റെ അമ്പരപ്പിലാണ് പുളിങ്കട്ട പാറവിളയില്‍ സുരേഷും സെല്‍വരാജും. ആദ്യം ആരെങ്കിലും മനഃപൂര്‍വ്വം എറിയുന്നതാണെന്നാണ് കരുതിയത്. എന്നാല്‍ പിന്നീടാണ് ഭൂമിയുടെ ഉപരിതലത്തില്‍നിന്നു കല്ലുകള്‍ തെറിച്ച് വീടുകള്‍ക്കു മുകളില്‍ വീഴുന്നതെന്ന് വ്യക്തമായത്.

കഴിഞ്ഞ രണ്ടാഴ്ചയായി ഭൗമപ്രതിഭാസം തുടരുകയാണ്. തുടര്‍ച്ചയായി കല്ലുവീഴുന്നതിനെ തുടര്‍ന്ന് വീടിന്റെ ഭാഗത്തെ ഭൂമി ചെറിയതോതില്‍ ഇടിഞ്ഞുതാഴുകയും ചെയ്തു. കഴിഞ്ഞ രണ്ടാംതീയതി രാത്രിയിലാണ് ആദ്യം വീടിനുമുകളില്‍ രണ്ടുതവണ കല്ലുവീണത്. കുറേദിവസം രാത്രിയില്‍ ഇത് തുടര്‍ന്നു. പിന്നീട് പകല്‍ സമയവും കല്ലുകള്‍ വീഴാന്‍ തുടങ്ങിയതോടെയാണ് തലവേദനയായത്. ആസ്ബസ്റ്റോസ് ഷീറ്റുകള്‍ പൊട്ടുകയും ചെയ്തു.

മനഃപൂര്‍വം ആരോ എറിയുന്നതാണെന്നു കരുതി വീട്ടുകാര്‍ വാഗമണ്‍ പോലീസില്‍ പരാതി നല്‍കി. സി.ഐ.യുടെ നേതൃത്വത്തില്‍ പോലീസ് എത്തി പരിശോധിക്കുന്നതിന് ഇടയിലും വീടിനുമുകളിലും, മുറ്റത്തും കല്ലുകള്‍ വന്നുവീഴുകയായിരുന്നു. വീണകല്ലുകള്‍ ശേഖരിച്ച് പോലീസ് മടങ്ങി. വിവരമറിഞ്ഞ് ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ ജെയിംസും പഞ്ചായത്തംഗങ്ങളും എത്തിയപ്പോഴും കല്ലുകള്‍ വീടിനു മുകളിലും വീഴുന്നത് തുടര്‍ന്നു കൊണ്ടേയിരുന്നു.

സമീപത്തുള്ള കുട്ടികള്‍ അടക്കമുള്ളവര്‍ക്കു പോലും ഭീഷണിയാവുകയാണ് ഈ കല്ലുമഴ. തുടര്‍ന്ന് സംസ്ഥാന ഭൗമശാസ്ത്രവിഭാഗവുമായി പഞ്ചായത്ത് പ്രസിഡന്റ് ബന്ധപ്പെട്ടു. ഭൂമിക്കുള്ളില്‍ ജലസമ്മര്‍ദംമൂലം ഉണ്ടാകുന്ന പ്രതിഭാസമാെണന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു. തിങ്കളാഴ്ച ജിയോളജിസ്റ്റിനോട് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചു. ഇവരെ ബന്ധുവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചിരിക്കുകയാണ്. ഈ അദ്ഭുത പ്രതിഭാസം നേരില്‍ കാണാന്‍ ഒട്ടേറെ പേരാണ് ഇവിടേക്ക് എത്തുന്നത്.

Exit mobile version