തിരുവനന്തപുരം: കൊവിഡ് 19 വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചു. സംസ്ഥാനത്ത് ഇന്ന് വാരാന്ത്യലോക്ക്ഡൗണും കർശനമായി നടപ്പിലാക്കും. സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക് ഡൗണാണ്. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി.
അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റും വാഹനം പിടിച്ചെടുക്കുന്നതടക്കമുള്ള കർശന നടപടിയും സ്വീകരിക്കാൻ പോലീസിന് നിർദേശം. ഭക്ഷ്യോൽപന്നങ്ങൾ പച്ചക്കറി മത്സ്യ മാംസ്യ വിൽപന തുടങ്ങിയ അവശ്യ മേഖലയ്ക്കും ആരോഗ്യ മേഖലയ്ക്കും മാത്രമാണ് ഇളവ്. ഹോട്ടലുകളിൽ പരാമാവധി ഹോം ഡെലിവറി സംവിധാനം ഉപയോഗപ്പെടുത്തണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം.
പരിമിതമായി മാത്രം കെഎസ് ആർടിസി ഇന്ന് സർവീസ് നടത്തും. സാമൂഹിക അകലം കർശനമായി പാലിച്ചുകൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കും. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങളുടെ വിവരം സമീപത്തെ പോലീസ് സ്റ്റേഷനിൽ മുൻകൂറായി അറിയിച്ചിരിക്കണമെന്നും നിർദേശമുണ്ട്.