കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി ഹൈക്കോടതി ഉണ്ടാക്കിയതെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. കെഎസ്ആര്‍ടിസിയെ കടുത്ത പ്രതിസന്ധിയിലാക്കുന്നതാണ് ഹൈക്കോടതി വിധി. പ്രായോഗിക വശങ്ങള്‍ ഹൈക്കോടതി പരിഗണിച്ചില്ല.
കോടതി പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാന്‍ സര്‍ക്കാരിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് കോടതി വിധി. വിധി നടപ്പാക്കാന്‍ കെഎസ്ആര്‍ടിസിക്ക് സാവകാശം ലഭിച്ചില്ല. അഡൈ്വസ് മെമ്മോ ലഭിച്ചവരെല്ലാം ഇന്ന് എത്തുമെന്ന് കരുതുന്നില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.
എംപാനല്‍ സംവിധാനം പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കോര്‍പ്പറേഷന് കഴിയില്ല. താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതില്‍ കോടതി നിര്‍ദേശം അനിവാര്യമെന്നും മന്ത്രി പറഞ്ഞു.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പിഎസ്സി നിമനോപദേശ ഉത്തരവ് ലഭിച്ചവര്‍ ഇന്ന് മുതല്‍ ജോലിയില്‍ പ്രവേശിച്ച് തുടങ്ങും. 4501 പേര്‍ക്കാണ് നിയമന ഉത്തരവ് നല്‍കിയിട്ടുളളത്. ചീഫ് ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ന് ഡിപ്പോകളില്‍ പരിശീലനം നല്‍കും.
ടിക്കറ്റ് മെഷിന്റെയും റാക്ക് ടിക്കറ്റിന്റെയും പരിശീലനം ഡിപ്പോകളില്‍ നടത്തും. രണ്ട് ദിവസം കൊണ്ട് കണ്ടക്ടര്‍ ലൈസന്‍സ് എടുക്കാനുള്ള അവസരവും ഒരുക്കി നല്‍കും. നടപടിക്രമങ്ങളും പരിശീലനവും വേഗത്തില്‍ പൂര്‍ത്തീകരിച്ച് സ്വതന്ത്രഡ്യൂട്ടിക്ക് ഇവരെ വിന്യസിക്കാനാണ് കെഎസ്ആര്‍ടിസിയുടെ ശ്രമം.
പിഎസ്സി ലിസ്റ്റില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാന്‍ ഹൈക്കോടതി നല്‍കിയ സാവകാശം ഇന്ന് അവസാനിക്കും. ഉത്തരവ് നടപ്പാക്കി വിശദാംശങ്ങള്‍ അറിയിക്കാനാണ് ഹൈക്കോടതി നിര്‍ദേശം. കണ്ടക്ടര്‍ ക്ഷാമത്തിന് പരിഹാരം കാണാനാകാത്ത സാഹചര്യത്തില്‍ ഇന്നും ട്രിപ്പുകള്‍ മുടങ്ങാനാണ് സാധ്യത.
പിരിച്ചുവിടപ്പെട്ട താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ലോംഗ്മാര്‍ച്ച് തുടങ്ങി. 24ന് മാര്‍ച്ച് തിരുവനന്തപുരത്തെത്തും.വനിതാ കണ്ടക്ടര്‍മാര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ലോംഗ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. 94 എംപാനല്‍ ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയും ഇന്ന് ഹൈക്കോടതി പരിഗണിക്കും.
കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട് പിഎസ്സി ലിസ്റ്റില്‍ നിന്നും നിയമനം നടത്തണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. പത്തു വര്‍ഷത്തില്‍ താഴെ സര്‍വ്വീസുളളവരെയും ഒരു വര്‍ഷം 120 ദിവസം ജോലി ചെയ്യാത്തവരെയും പിരിച്ചുവിടണമെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.
Discussion about this post