കൊല്ലം: ടോറസ് ലോറി ഓടിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത തോന്നിയതോടെ സഡൻ ബ്രേക്കിട്ട് വാഹനം നിർത്തിയ ഡ്രൈവറുടെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻദുരന്തം. പുനലൂർ-മൂവാറ്റുപുഴ പാതയിൽ ഇട്ടിയപ്പാറ സെൻട്രൽ ജംക്ഷനിൽ ഡ്രൈവർ ഹാൻഡ് ബ്രേക്കിട്ട് ടോറസ് ലോറി നിർത്തുകയായിരുന്നു. ഇന്നലെ രാവിലെയായിരുന്നു സംഭവം.
ഓടിക്കൂടിയ യാത്രക്കാരും രാഷ്ട്രീയ നേതാക്കളും ഇടപെട്ട് വെള്ളം കൊടുത്ത് ഡ്രൈവറുടെ ക്ഷീണം അകറ്റുകയും ഡ്രൈവറെ പുറത്തിറക്കുകയും ചെയ്തു. കായംകുളം സ്വദേശി സന്തോഷാണ് മണ്ണു കയറ്റി വരികയായിരുന്നു ടോറസ് ലോറി ഓടിച്ചിരുന്നത്.
ഇട്ടിയപ്പാറ സെൻട്രൽ ജംക്ഷനിൽ എത്തിയപ്പോൾ വേഗം കുറച്ച് ഹാൻഡ് ബ്രേക്കിട്ട് ടോറസ് പെട്ടെന്ന് നിർത്തുകയായിരുന്നു. നടുറോഡിൽ ലോറി നിർത്തിയിരിക്കുന്നതു കണ്ടാണ് ജനം ഓടിക്കൂടിയത്. വിയർത്തൊലിച്ച സന്തോഷ് ഡ്രൈവിങ് സീറ്റിൽ ചാരിക്കിടക്കുന്നത് കണ്ടതോടെ ശാരീരിക അസ്വസ്ഥതയാണെന്ന് മനസിലായി. പിന്നീട് വെള്ളം കൊടുത്തതോടെ അസ്വസ്ഥത പതിയെ കുറയാൻ തുടങ്ങി. ഓട്ടോയിൽ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും എന്താണ് സംഭവിച്ചതെന്ന് അറിയാതെ സന്തോഷ് ലോറിയിൽ നിന്ന് ഇറങ്ങാൻ തയാറായില്ല.
ഇതുവഴി എത്തിയ യാത്രക്കാരനായ മറ്റൊരു ഡ്രൈവർ പിന്നീട് സന്തോഷിനെ സീറ്റിൽ നിന്നു നീക്കിയ ശേഷം ലോറി ഓടിച്ചു മാറ്റുകയായിരുന്നു. ശേഷം ബോധാവസ്ഥയിലേക്ക് തിരിച്ചെത്തിയ സന്തോഷ് താന്ഡ ആരെയോ ഇടിച്ചിട്ടെന്ന് ഭയന്നാണ് ലോറിയിൽ നിന്ന് ഇറങ്ങാഞ്ഞതെന്ന് പ്രതികരിച്ചു. മാമുക്ക് ജംക്ഷന് സമീപം ലോറിയിട്ട് സന്തോഷ് വിശ്രമിച്ചെങ്കിലും വീണ്ടും അസ്വസ്ഥത പ്രകടമായതോടെ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
Discussion about this post