കാളികാവ്: ആക്രമിക്കാന്‍ മുതിര്‍ന്ന കാട്ടുപന്നിയുമായി അരമണിക്കൂര്‍ നേരം പോരാടി ഒടുവില്‍ ജീവിതം തിരികെ പിടിച്ച് കെട്ടിടനിര്‍മാണത്തൊഴിലാളി. ഇരുവരും പോരാട്ടത്തിനൊടുവില്‍ തളര്‍ന്നിരുന്നു. പിന്നാലെ കാട്ടുപന്നി ഓടിമറയുകയായിരുന്നു. ആമപ്പൊയില്‍ കൂനിയാറയിലെ കുട്ടക്കുന്ന് കോളനിയിലെ കലഞ്ചല നാടിയുടെ മകന്‍ സുബ്രഹ്മണ്യന്‍ (കുഞ്ഞാണി-40) ആണ് അതിസാഹസികമായി പോരടിച്ച് രക്ഷപ്പെട്ടത്.
വീടിനുസമീപത്തെ റബര്‍തോട്ടത്തില്‍ വിറകുശേഖരിക്കാന്‍ പോയപ്പോഴായിരുന്നു സംഭവം. റബര്‍തോട്ടത്തില്‍ കയറിയ ഉടനെ പന്നി കുഞ്ഞാണിക്കുനേരെ പാഞ്ഞടുത്തു. ഓടാന്‍പോലും കഴിയാതെ കുഞ്ഞാണി കുടുങ്ങി. എന്നാല്‍ ധൈര്യം സംഭരിച്ച് പാഞ്ഞെത്തിയ പന്നിയുടെ ഇരുചെവികളിലുമായി പിടിമുറുക്കി. കുതറിമാറാന്‍ പന്നി ശ്രമിക്കുമ്പോഴെല്ലാം പിടിവിടാതെ കുഞ്ഞാണി ചെറുത്തുനില്‍പ്പ് തുടരുകയായിരുന്നു.
ആക്രമിക്കാന്‍ പന്നിയും പിടിച്ചുനില്‍ക്കാന്‍ കുഞ്ഞാണിയും നിരന്തരം ശ്രമിച്ചു. അരമണിക്കൂറോളം നീണ്ടു ആ മല്‍പ്പിടിത്തം. കുഴഞ്ഞുവീണ കുഞ്ഞാണിയെ അയല്‍വാസിയായ പുല്‍പ്പറ്റ നാരായണസ്വാമിയെത്തിയാണ് വീട്ടിലെത്തിച്ചത്. കുഞ്ഞാണി വിറകുശേഖരിക്കാന്‍ പോകുന്നത് നാരായണസ്വാമി കണ്ടിരുന്നു. മടങ്ങിവരാത്തതു ശ്രദ്ധയില്‍പ്പെട്ടതോടെ നാരായണസ്വാമി അന്വേഷിച്ചുചെന്നപ്പോഴാണ് വീണുകിടക്കുന്നതു കണ്ടത്.
പന്നി ഗര്‍ഭിണിയായിരുന്നുവെന്ന് കുഞ്ഞാണി പറയുന്നു. പന്നിയുമായുള്ള മല്‍പ്പിടിത്തത്തിനിടയിലുണ്ടായ പരിക്കുകളേ കുഞ്ഞാണിക്കൊള്ളൂ. അരമണിക്കൂറിലേറെയുള്ള മല്‍പ്പിടിത്തത്തില്‍ പന്നിയും അവശയായിരുന്നു. കുഴഞ്ഞുവീണ കുഞ്ഞാണിയെ ആക്രമിക്കാതെ പന്നി പിന്‍മാറി ഓടിമറയുകയായിരുന്നു.