കണ്ണൂർ: കണ്ണൂർ അഴീക്കോട് വെച്ചുണ്ടായ വാഹനാപകടത്തിൽ മൂന്നുനിരത്തു സ്വദേശി റമീസ് മരിച്ചു. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഉമ്മയെ ബന്ധു വീട്ടിലാക്കി മടങ്ങുമ്പോഴായിരുന്നു അപകടം. സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ അടുത്ത സുഹൃത്താണ് റമീസ്.
ഇന്നലെ വൈകുന്നേരം ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റമീസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരണം സംഭവിക്കുകയായിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന കാറിൽ റമീസിന്റെ ബൈക്ക് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. റമീസിന്റെ വാരിയെല്ലുകൾക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇന്ന് പുലർച്ചയോട് കൂടിയാണ് മരണം സംഭവിച്ചത്.
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ റമീസിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ അർജുൻ ആയങ്കിയ്‌ക്കൊപ്പം തന്നെ റമീസിനും ബന്ധമുണ്ട് എന്ന സംശയത്തെതുടർന്ന് ഇദ്ദേഹത്തിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തിയെങ്കിലും പ്രത്യേകിച്ചൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല.