കോഴിക്കോട്: ചാലിയാറിനോട് ചേർന്ന് ഒഴുകിയിരുന്ന പെരുവൻമാട് കനാലിന്റെ ദുരിതകാലം തീർന്നു. കരുവൻതുരുത്തി-മാട്ടുമ്മൽ പ്രദേശത്തെ നാട്ടുകാരും ജനപ്രതിനിധികളും ഒത്തൊരുമിച്ച പരിശ്രമിച്ചതോടെ മാലിന്യക്കൂമ്പാരമായിരുന്ന പെരുവൻമാട് കനാലിൽ തെളിനീരൊഴുകുകയായിരുന്നു. ഇനി ഈ കനാലിൽ കരിമീനും ചെമ്മീനും കട്‌ലയും വിളയിക്കും. എല്ലാ മാസവും വിളവെടുക്കാവുന്ന വിധത്തിലുള്ള മത്സ്യകൃഷിയാണ് ആലോചിക്കുന്നതെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു.
ഒപ്പം വിദഗ്ധരുടെ സഹായവും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തവും ഉറപ്പാക്കി ഒരു സൊസൈറ്റി രൂപീകരിക്കും. ഹോം ഡെലിവറി, പോഷകമൂല്യമുള്ള മത്സ്യവിഭവങ്ങൾക്ക് പ്രാമുഖ്യം നൽകിയുള്ള ഫാസ്റ്റ് ഫുഡ്, ചാലിയാർ തീരത്തെ ബന്ധപ്പെടുത്തി ഹോം സ്റ്റേകൾ തുടങ്ങിയവയും സ്ഥാപിച്ച് പെരുവൻമാട് കനാൽ കേന്ദ്രീകരിച്ച് സമ്പൂർണ മോഡൽ ഫിഷ് വില്ലേജ് ഒരുക്കാനാണ് പദ്ധതിയെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് കുറിപ്പ്:
മൂക്കുപൊത്തി നടന്നിരുന്ന പെരുവൻമാട് കനാലിൽ തെളിനീരൊഴുകിത്തുടങ്ങി. കരുവൻതുരുത്തിമാട്ടുമ്മൽ പ്രദേശത്തിൻറെ ഒത്തൊരുമയിലൂടെയാണ് ഇത് സാധ്യമായത്. ഇനി ഈ കനാലിൽ കരിമീനും ചെമ്മീനും കട്‌ലയും വിളയിക്കും.
കോഴിക്കോട് ഫറോക്ക് മുനിസിപ്പാലിറ്റിയിലെ കരുവൻതുരുത്തിമാട്ടുമ്മൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏകദേശം നൂറ് വർഷം പഴക്കമുള്ള മനുഷ്യനിർമ്മിതമായ കനാലാണ് പെരുവൻമാട് കനാൽ. കയർ വ്യവസായവുമായി ബന്ധപ്പെട്ടാണ് കനാൽ നിർമ്മിക്കപ്പെട്ടത്. ചാലിയാർ പുഴയുടെ കിഴക്ക് ഭാഗത്തുനിന്ന് തുടങ്ങി പടിഞ്ഞാറ് ചാലിയാർ പുഴയിൽ തന്നെ അവസാനിക്കുന്നതാണ് കനാൽ. കാലഘട്ടം മാറിയതിന് അനുസരിച്ച് കയർ വ്യവസായത്തിൽ നിന്നും ഈ ഭാഗത്തെ ജനങ്ങൾ മറ്റ് ജോലികളിലേക്ക് മാറിയതുമൂലം കനാൽ ഉപയോഗശൂന്യമായി, മാലിന്യം വന്നടിഞ്ഞും മണ്ണ് കുമിഞ്ഞ്കൂടിയും കാട് വളർന്നും മലിന ജലസ്രോതസ്സായി കനാൽ മാറി. മൂക്കുപൊത്താതെ ഇതുവഴി നടക്കാൻ പറ്റില്ലെന്ന അവസ്ഥയായി.
ഇതിന് മാറ്റം വരണമെന്ന് തീരുമാനിച്ച സ്ഥലത്തെ കൗൺസിലർ, ഫറോക്ക് മുനിസിപ്പാലിറ്റി ഭരണസമിതി, ഹരിതകേരള മിഷൻ, ഇറിഗേഷൻ വകുപ്പ്, ശുചിത്വ മിഷൻ, വിവിധ വകുപ്പുകൾ, വിവിധ സംഘടനകൾ, ജനകീയ കൂട്ടായ്മകൾ എന്നിവരുടെ കൂട്ടായ പ്രയത്‌നത്താൽ പെരുവൻമാട് കനാൽ ശുചീകരിച്ചു. 68.27 ലക്ഷം രൂപ ചെലവിട്ട് നവീകരണ പദ്ധതിയും നടപ്പിലാക്കി.
ഇതോടെ പെരുവൻമാട് കനാലിൽ തെളിനീരൊഴുകി. നവീകരണ പദ്ധതിയുടെ ഭാഗമായി കനാലിൻറെ ആഴം കൂട്ടി പാർശ്വഭിത്തി കെട്ടി മനോഹരമാക്കിയിട്ടുണ്ട്. ഇവിടെ ജനപങ്കാളിത്തത്തോടെയുള്ള ടൂറിസം പദ്ധതികൾ കൂടി നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. ആദ്യഘട്ടത്തിൽ ചാലിയാറിനോട് ബന്ധപ്പെട്ട രണ്ടറ്റങ്ങളിലും ബണ്ട് കെട്ടാനും തോടിനെ 10 മീറ്റർ ഇടവിട്ട് 60 ക്ലസ്റ്ററുകളാക്കി വിഭജിച്ച് ചെമ്മീൻ, കരിമീൻ തുടങ്ങിയ മത്സ്യ കൃഷി ആരംഭിക്കാനുമാണ് തീരുമാനം.
എല്ലാ മാസവും വിളവെടുക്കാവുന്ന വിധത്തിലുള്ള മത്സ്യകൃഷിയാണ് ആലോചിക്കുന്നത്. ഇതിനായി വിദഗ്ധരുടെ സഹായവും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തവും ഉറപ്പാക്കി ഒരു സൊസൈറ്റി രൂപീകരിക്കും. ഹോം ഡെലിവറി, പോഷകമൂല്യമുള്ള മത്സ്യവിഭവങ്ങൾക്ക് പ്രാമുഖ്യം നൽകിയുള്ള ഫാസ്റ്റ് ഫുഡ്, ചാലിയാർ തീരത്തെ ബന്ധപ്പെടുത്തി ഹോം സ്റ്റേകൾ തുടങ്ങിയവയും സ്ഥാപിച്ച് പെരുവൻമാട് കനാൽ കേന്ദ്രീകരിച്ച് സമ്പൂർണ മോഡൽ ഫിഷ് വില്ലേജ് ഒരുക്കാനാണ് പദ്ധതി.
ഇതോടെ പെരുവൻമാട് പുതുചരിത്രത്തിലേക്ക് പടികയറും. പ്രാദേശിക ടൂറിസം വികസനത്തിലൂടെ ഒരു നാട് എങ്ങനെയാണ് മാറുന്നതെന്ന് പെരുവൻമാട് മാതൃകകാട്ടും. ജനകീയകൂട്ടായ്മയിലൂടെ ഇത്തരമൊരു ഉദ്യമത്തിന് നേതൃത്വം നൽകിയ എല്ലാവരെയും അഭിനന്ദിക്കുന്നു.
Discussion about this post