തല ജനല്‍ ഗ്രില്ലില്‍ കുടുങ്ങി; പാഞ്ഞെത്തി ഫയര്‍ ഫോഴ്‌സ്, നിമിഷ നേരം കൊണ്ട് മൂന്നു വയസുകാരന്റെ തല പുറത്തെടുത്തു

തൃശൂര്‍: തല ജനല്‍ ഗ്രില്ലില്‍ കുടുങ്ങിയ മൂന്നു വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്. ഫയര്‍ഫോഴ്‌സ് ഓഫിസിലേക്ക് ഉച്ചതിരിഞ്ഞാണ് കുട്ടിയുടെ തല കുടുങ്ങി, വേഗം വരണമെന്ന ഫോണ്‍ സന്ദേശം എത്തിയത്. വിവരം അറിഞ്ഞ ഉടനെ സ്റ്റേഷന്‍ ഓഫിസര്‍ കെ.യു.വിജയകൃഷ്ണയും സംഘവും വിയ്യൂരിലേക്ക് കുതിച്ചു. ഫയര്‍ഫോഴ്‌സ് സംഘം ചെന്നപ്പോള്‍ കുഞ്ഞ് കരയുകയായിരുന്നു.

നിമിഷ നേരം കൊണ്ട് ഗ്രില്ലിന്റെ ഒരു ഭാഗം അറുത്തുമാറ്റി. ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ചായിരുന്നു ഗ്രില്ലിന്റെ ഒരു ഭാഗം മുറിച്ചത്. ഉടനെ, തല അകത്തേയ്ക്ക് എടുത്തു. ഇതോടെ കുട്ടിക്ക് ഒരു പോറല്‍ പോലും സംഭവിക്കാതെ രക്ഷിക്കാന്‍ സാധിച്ചു.

കുട്ടിയെ ആശുപത്രിയില്‍ എത്തിക്കേണ്ട സാഹചര്യവും ഇല്ലായിരുന്നു. എന്നാല്‍, തല കുടുങ്ങിയതിന്റെ പരിഭ്രാന്തിയിലായിരുന്നു കുട്ടിയും വീട്ടുകാരും. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരായ ജോജി വര്‍ഗീസ്, പി.കെ.പ്രജീഷ്, ആര്‍.സഞ്ജിത്ത്, പി.ബി.സതീഷ്, നവനീത് കണ്ണന്‍, പി.കെ.പ്രതീഷ് എന്നിവരാണു കുഞ്ഞിനെ രക്ഷപ്പെടുത്തിയ സംഘത്തിലുള്ളവര്‍.

Exit mobile version