തിരുവനന്തപുരം: മഹേഷ് നാരായണൻ-ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ പിറന്ന മാലിക് സിനിമക്കെതിരെ ബീമാപള്ളിയിൽ പ്രതിഷേധം. ബീമാപള്ളി സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ പള്ളി പരിസരത്താണ് പ്രതിഷേധം സംഘടിപ്പിച്ചത്. ബീമാപള്ളിയെ കൊള്ളക്കാരുടെയും ഭീകരവാദികളുടെയും നാടായി സിനിമയിൽ ചിത്രീകരിച്ചെന്നാരോപിച്ചാണ് പ്രതിഷേധം.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പരിപാടി. ബീമാപള്ളി വെടിവെപ്പുമായി ബന്ധപ്പെട്ട് കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും സാംസ്കാരിക സമിതി ആവശ്യപ്പെട്ടു. സിനിമക്കെതിരായും വെടിവെപ്പിൽ നീതി ലഭിക്കാനുമായി തുടർ പ്രതിഷേധ പരിപാടികൾ നടത്താനും സാംസ്കാരിക സമിതി ആലോചിക്കുന്നുണ്ട്.
2009ലെ വെടിവെപ്പ് ആസ്പദമാക്കി നിർമിച്ച ചിത്രത്തിൽ ബീമാപള്ളിയെ തെറ്റായി ചിത്രീകരിച്ചതിലെ പ്രതിഷേധമാണ് പ്രകടിപ്പിച്ചതെന്ന് സാംസ്കാരിക കൂട്ടായ്മ പ്രതിനിധികൾ പ്രതികരിച്ചു. പിഡിപി സംസ്ഥാന വൈസ് ചെയർമാൻ വർക്കല രാജ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
Discussion about this post