കാസര്‍കോട്: ഭര്‍ത്താവ് 23കാരിയായ ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി. കാസര്‍കോട് ജില്ലയിലെ ബേഡകത്താണ് സംഭവം. കാഞ്ഞിരത്തിങ്കാല്‍ കൊളംബക്കാലിലെ സുമിതയാണു മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് അരുണ്‍കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കുടുംബവഴക്കിനെ തുടര്‍ന്നാണ് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവമുണ്ടാകുന്നത്. സുമിതയ്ക്ക് മറ്റ് ബന്ധങ്ങള്‍ ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് അരുണ്‍ കുമാര്‍ ഇടയ്ക്ക് വഴക്കിട്ടിരുന്നു എന്ന് പോലീസ് പറയുന്നു.
പ്രണയവിവാഹമായിരുന്നു ഇരുവരുടെയും. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷമേ ആയുള്ളെങ്കിലും ഇരുവരും നാലുവര്‍ഷമായി ഒരുമിച്ച് ജീവിക്കുകയായിരുന്നു. ഇവര്‍ തമ്മില്‍ വിവാഹത്തിനുശേഷം കലഹം പതിവായതോടെ ബന്ധുക്കള്‍ ഇടപെട്ടിരുന്നു.
മദ്യപിച്ചെത്തിയ അരുണ്‍ ഇന്നലെ രാത്രി സുമിതയെ മര്‍ദിക്കുകയും വിറക് കൊള്ളികൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. സുമിതയെ ഉടന്‍ തന്നെ ബേഡഡുക്ക താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവര്‍ക്കും മൂന്ന് വയസ്സുള്ള ഒരു ആണ്‍കുട്ടിയുണ്ട്. ബേഡഡുക്ക വാവടുക്കം സ്വദേശിനിയാണ് സുമിത.