ട്രാന്‍സ്‌ജെണ്ടര്‍ അനന്യ കുമാരി അലക്‌സിന്റെ മരണം; അടിയന്തര അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ട്രാന്‍സ്‌ജെണ്ടര്‍ അനന്യ കുമാരി അലക്‌സിന്റെ (28) മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ട്രാന്‍സ്‌ജെണ്ടര്‍ സംഘടനയും പരാതി നല്‍കിയിരുന്നു. കൊല്ലം സ്വദേശിയായ അനന്യ കുമാരി അലക്‌സിനെ കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്.

കൊച്ചിയിലെ റിനൈ മെഡിസിറ്റിയില്‍ തനിക്ക് നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയ പരാജയമായിരുന്നുവെന്നും അതിന്റെ കഷ്ടതകള്‍ ഏറെയാണെന്നും അനന്യ പരസ്യമായി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.ചികിത്സ രേഖകള്‍ പോലും കൈമാറാതെ തന്റെ തുടര്‍ ചികില്‍സ നിഷേധിക്കുകയാണെന്നും അനന്യ പരാതി ഉന്നയിച്ചിരുന്നു. പിന്നാലെയാണ് കൊച്ചിയിലെ ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്.

സംഭവത്തില്‍ ആശുപത്രിക്ക് എതിരെ നിരവധി പ്രമുഖര്‍ രംഗത്ത് എത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കിയത്. ട്രാന്‍സ് ജെണ്ടര്‍ വിഭാഗത്തിലെ ആദ്യ റേഡിയോ ജോക്കിയായിരുന്നു മരിച്ച അനന്യ കുമാരി അലക്‌സ്.

Exit mobile version