കോഴിക്കോട്: ത്യാഗത്തിന്റെ വിശുദ്ധ സ്മരണകൾ ഉയർത്തി വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുകയാണ്. സഹനത്തിന്റേയും ത്യാഗത്തിന്റേയും സാഹോദര്യത്തിന്റേയും പുണ്യദിനമാണ് വലിയപെരുന്നാൾ. ഇത്തവണയും കോവിഡ് ലോക്ക്ഡൗണിന്റെ സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെയാണ് ആഘോഷം. സർക്കാർ നിയന്ത്രണം പാലിച്ച് പരമാവധി 40 പേരെ ഉൾപ്പെടുത്തിയാണ് പള്ളികളിലെ നിസ്‌കാരം.
പ്രവാചകനായ ഇബ്രാംഹിം നബി മകൻ ഇസ്മായീലിനെ അല്ലാഹുവിന്റെ കൽപ്പന അനുസരിച്ച് മകനെ ബലി നൽകാനൊരുങ്ങുകയും പിന്നീട് വളർത്തുമൃഗത്തെ ബലി നൽകിയതിന്റെയും ഓർമ്മ പുതുക്കലാണ് വിശ്വാസികൾക്ക് ബലിപെരുന്നാൾ. പ്രവാചകനായ ഇബ്രാഹീം നബിയുടെ ത്യാഗം അനുസ്മരിക്കാൻ മൃഗബലി ചടങ്ങും ബലിപെരുന്നാൾ ദിനത്തിൽ വിശേഷമാണ്.
നിയന്ത്രണങ്ങൾക്കിടയിലും പെരുന്നാളിന് കിട്ടിയ ലോക്ഡൗൺ ഇളവിൽ കച്ചവടസ്ഥാപനങ്ങളെല്ലാം സജീവമായിരുന്നു. ഇത് വീടുകളിലെ ആഘോഷത്തിന്റെ മാറ്റ് കൂട്ടിയിട്ടുണ്ട്. ഒത്തുചേരലില്ലാതെ കോവിഡിന്റെ നിയന്ത്രണങ്ങളോടെയാണ് പെരുന്നാൾ ആഘോഷം.