കൊച്ചി: കിറ്റെക്സ് കേരളത്തിലെ പദ്ധതികളുപേക്ഷിച്ച് തെലങ്കാനയിലേക്ക് പോയ സംഭവത്തില്‍ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ‘ചാനല്‍ ഐആം’ എന്ന യൂട്യൂബ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കിറ്റക്‌സ് കേരളം വിട്ടതില്‍ ഒരിക്കലും കുറ്റം പറയാനാവില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. അതിജീവനത്തിന്റെ മാര്‍ഗം തേടിയാണ് സാബു എം. ജേക്കബ് പോയതെന്നും സുരേഷ് ഗോപി പറഞ്ഞു. ഞാനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ആ പ്രശ്‌നം ഒറ്റ ഫോണ്‍കോളില്‍ പരിഹരിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ തുടങ്ങാന്‍ ഉദ്ദേശിച്ചിരുന്ന അപ്പാരല്‍ പാര്‍ക്ക് ഉപേക്ഷിച്ചാണ് കിറ്റെക്‌സ് തെലങ്കാനയിലേക്ക് പോയത്. കേരളം നിക്ഷേപസൗഹൃദമല്ലെന്ന് തെലങ്കാനയിലേക്ക് പോവാന്‍ തീരുമാനിച്ചതിന് പിന്നാലെ സാബു എം.ജേക്കബ് പറഞ്ഞിരുന്നു
സുരേഷ് ഗോപിയുടെ വാക്കുകള്‍;
‘അതിജീവനത്തിന്റെ മാര്‍ഗം തേടി പോകുന്നതാണ്. തെലങ്കാനയിലേക്ക് പോയതിനെ കുറ്റം പറയാന്‍ ഒന്നും പറ്റില്ല. നമുക്ക് എല്ലാവര്‍ക്കും നല്ലതായി വന്ന ഒന്നിനെ എന്തിനാണ് നശിപ്പിച്ചതെന്ന് ആളുകള്‍ ചിന്തിക്കും. കേവലമായ രാഷ്ട്രീയക്കളിയാണ് ഇതിന് കാരണം. ആരുടെയൊക്കേയോ അഹങ്കാരമൊക്കെയാണ് അതിന് വഴി തെളിയിച്ചത്. അപ്പോള്‍ കുടുംബം പണയം വെച്ച് ഇന്‍വെസ്റ്റ് ചെയ്യാന്‍ നില്‍ക്കുന്ന ആള്‍ക്ക് ആ അഹങ്കാരത്തെ മറികടക്കാന്‍ പോന്ന കൗണ്ടര്‍ ഓപറേഷന്‍ വേണ്ടി വരും. അതാണ് അദ്ദേഹം ചെയ്തത്.
പിണറായിയുടെ മൈന്‍ഡ് സെറ്റൊക്കെ വ്യത്യാസമായിരിക്കും. അതിനെ ഞാന്‍ കുറ്റം പറയുന്നില്ല. പക്ഷെ ഞാന്‍ പിണറായി വിജയന്റെ സ്ഥാനത്തായിരുന്നെങ്കില്‍ കിറ്റെക്സ് സാബു ആദ്യം സംസാരിച്ച് തുടങ്ങുമ്പോള്‍ സെക്രട്ടറിയോട് പറഞ്ഞ് ഫോണ്‍ എടുത്ത് വിളിപ്പിച്ചിട്ട് ‘കിറ്റെക്സ് സാബുവേ എന്റെ ഓഫീസിലേക്ക് ഉടനെ ഒന്ന് വരണം’ എന്ന് പറഞ്ഞേനെ. ഒരു ജഡ്ജ് ആവാനുള്ള അധികാരം ഉണ്ട് മുഖ്യമന്ത്രിക്ക്. സാബു എന്തൊക്കെ തിരുത്തണം, ഉദ്യോഗസ്ഥര്‍ തിരുത്തണം എന്നൊക്കെ ശിക്ഷാരൂപത്തില്‍ പറഞ്ഞു മനസിലാക്കിയേനെ.
Discussion about this post