പുതുവത്സര സമ്മാനവുമായി ‘കാര്യം സാധിക്കാന്‍’ ഈ വഴിക്ക് വരേണ്ട! വിലക്കേര്‍പ്പെടുത്തി കളക്ടറേറ്റ്; ബോര്‍ഡുകള്‍ ഉടന്‍ സ്ഥാപിക്കും

ഇത്തരക്കാരെ നിരുത്സാഹപ്പെടുത്താന്‍ പ്രവേശന കവാടങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഉടന്‍ സ്ഥാപിക്കും.

കൊച്ചി: സര്‍ക്കാര്‍ ഓഫീസുകളില്‍ പുതുവത്സര- ക്രിസ്മസ് സമ്മാനങ്ങളുമായി എത്തുന്നവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഇത്തരക്കാരെ നിരുത്സാഹപ്പെടുത്താന്‍ പ്രവേശന കവാടങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഉടന്‍ സ്ഥാപിക്കും.

മധുര സമ്മാനങ്ങളുമായി ഉദ്യോഗസ്ഥര്‍ക്ക് പുതുവത്സരം ആശംസിക്കാനെത്തിയ മുപ്പതോളം പേരെ കാക്കനാട് കളക്ടറേറ്റില്‍ ഇന്നലെ തടഞ്ഞിരുന്നു. ഏതാനും ദിവസമായി കേക്കും ഡയറികളും ഉള്‍പ്പെടെയുളള സമ്മാനങ്ങളുമായി ഒട്ടേറെ പേരാണ് കളക്ടറെയും മറ്റു ഉദ്യോഗസ്ഥരെയും കാണാനെത്തുന്നത്. ഇവരെ കവാടത്തില്‍ വച്ചുതന്നെ തിരിച്ചയക്കുകയായിരുന്നു.

എന്നാല്‍ കൂടുതല്‍ പേരും എത്തുന്നത് കാര്യം സാധിക്കാന്‍ എത്തുന്നവര്‍ ആണത്രെ. ഇനിയുളള ദിവസങ്ങളില്‍ സമ്മാനങ്ങളുമായി വരുന്നവരുടെ തിരക്ക് കൂടുമെന്നതിനാലാണ് കവാടത്തിന് പുറത്ത് ബോര്‍ഡ് സ്ഥാപിക്കുന്നത്.

പുറത്തുനിന്നുളള പുതുവല്‍സര സമ്മാനങ്ങള്‍ വാങ്ങരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കളക്ടര്‍ മുഹമ്മദ് സഫിറുല്ല അടക്കമുളള ഉന്നത ഉദ്യോഗസ്ഥരും പുതുവത്സര സമ്മാനങ്ങള്‍ കൈപ്പറ്റുന്നില്ല. ഓഫീസുകളില്‍ സല്‍ക്കാരങ്ങളും നിരോധിച്ചിട്ടുണ്ട്.

Exit mobile version