മാവേലിക്കര: അരയ്ക്ക് താഴെ തളര്‍ന്ന യുവതിയുടെ വിവാഹച്ചെലവുകള്‍ കണ്ടെത്താന്‍ മുന്നിട്ടിറങ്ങി സിപിഎം. ചെട്ടികുളങ്ങര ഈരേഴ വടക്ക് വിനീഷ് ഭവനത്തില്‍ വിനീതയുടെ (34) വിവാഹം നടത്താനാണ് സിപിഎം ചെട്ടികുളങ്ങര വടക്ക് ലോക്കല്‍ കമ്മിറ്റി മുന്നിട്ടിറങ്ങിയിരിക്കുന്നത്.
ഈരേഴ വടക്ക് നിര്‍മിതി കോളനി നിവാസികളായ വേണുഗോപാലിന്റെയും ഓമനയുടെയും മകളാണ് വിനീത. 14 വര്‍ഷം മുമ്പ് പിടിപെട്ട പേശീക്ഷയം എന്ന രോഗം ബാധിച്ചാണ് വിനീതയുടെ അരയ്ക്ക് താഴെക്ക് തളര്‍ന്ന് പോയത്. വിനീതയുടെ സഹോദരനും ഇതേ രോഗം ബാധിച്ച് അരയ്ക്ക് താഴെയ്ക്ക് തളര്‍ന്ന അവസ്ഥയില്‍ വീല്‍ ചെയറിലാണ്.
ഇവരുടെ അമ്മ ഓമന അര്‍ബുദബാധിതയാണ്. കൂലിപ്പണിക്കാരനായ വേണുഗോപാലിന്റെ ഒരാളുടെ വരുമാനത്തില്‍ നിന്നാണ് ഈ കുടുംബം മുന്നോട്ട് പോകുന്നത്. ഇതോടെയാണ് വിനീതയുടെ വിവാഹ ചിലവ് ഏറ്റെടുക്കാന്‍ സിപിഎം ലോക്കല്‍ കമ്മറ്റി മുന്നിട്ടിറങ്ങിയത്.
മംഗല്യസഹായ സംഘാടക സമിതി എന്ന പേരില്‍ കൂട്ടായ്മ രൂപവത്കരിച്ചാണ് വിവാഹക്രമീകരണം നടത്തുന്നതെന്ന് സിപിഎം ചെട്ടികുളങ്ങര വടക്ക് ലോക്കല്‍ സെക്രട്ടറി കെ ശ്രീപ്രകാശ് പറഞ്ഞു. ബിരിയാണി ചലഞ്ചിലൂടെയും ഗൂഗിള്‍ പേവഴിയുമാണ് വിവാഹ ചെലവിനുള്ള തുക കണ്ടെത്തുന്നത്. ആഗസ്റ്റ് 15ന് ഗ്രേസ് ഓഡിറ്റോറിയത്തിലാണ് ബിരിയാണി ചലഞ്ച്.
പാലക്കാട് തൃത്താല മച്ചിങ്ങല്‍ വീട്ടില്‍ പരേതനായ അപ്പുക്കുട്ടന്റെയും ശാരദയുടെയും മകന് സുബ്രഹ്മണ്യനാണ് വിനീതയെ വിവാഹം കഴിക്കുന്നത്. വിനീതയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിഞ്ഞ ശേഷമാണ് സുബ്രഹ്മണ്യന് വിവാഹത്തിന് തയാറായത്. ഫെബ്രുവരി 14 നായിരുന്നു വിവാഹ നിശ്ചയം. സെപ്റ്റംബര്‍ എട്ടിന് മറ്റം മഹാദേവര്‍ ക്ഷേത്രത്തിലാണ് വിവാഹം.
Discussion about this post