തിരുവനന്തപുരം: അഡ്വ. എ ജയശങ്കറിനെ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചിൽ നിന്ന് സിപിഐ ഒഴിവാക്കിയ നടപടിയിൽ പാർട്ടിയെ അഭിനന്ദിച്ച് നിലമ്പൂർ എംഎൽഎ പി വി അൻവർ. ‘ഈ വിഴുപ്പിന്റെ ബോർഡ് എടുത്തുമാറ്റിയ സിപിഐക്ക് അഭിവാദ്യങ്ങൾ’ എന്നാണ് പിവി അൻവർ പ്രതികരിച്ചത്. ജയശങ്കറിന്റെ ഒരു ദിവസം തുടങ്ങുന്നത് സിപിഐഎമ്മിനേയും ഇടതുപക്ഷത്തേയും എങ്ങനെ കുറ്റം പറയാൻ കഴിയും എന്നാലോചിച്ചിട്ടാണെന്നും ശേഷം യുഡിഎഫ് പരിപാടിയിൽ പങ്കെടുത്ത് ഉച്ചക്ക് ശേഷം സ്വതന്ത്ര ഭാവമുള്ള ഒരു പരിപാടിയിലും വൈകിട്ട് ആർഎസ്എസ് ശാഖയിലേക്കും പോകുന്നുവെന്നും അൻവർ പരിഹസിച്ചു. ഏറ്റവും ഒടുവിൽ പുട്ടിന് പീരയിടുന്നത് പോലെ താൻ ഇടതുപക്ഷമാണെന്ന് ഇടക്കിടക്ക് ഓർമ്മപ്പെടുത്തുമെന്നുമാണ് അൻവറിന്റെ പ്രതികരണം.
പിവി അൻവറിന്റെ പ്രതികരണം:
രാവിലെ എണ്ണീക്കുന്നു.. ഇന്ന് സി.പി.ഐ.എമ്മിനേയും ഇടതുപക്ഷത്തേയും എങ്ങനെ കുറ്റം പറയാൻ കഴിയും എന്ന് ആലോചിക്കുന്നു.ചാനൽ ജഡ്ജിമാരെ വിളിച്ച് ത്രെഡ് പങ്കുവയ്ക്കുന്നു..
നേരേ കുളിച്ചൊരുങ്ങി ഏതെങ്കിലും യു.ഡി.എഫ് പരിപാടിയിൽ പങ്കെടുത്ത് ഇടതുപക്ഷത്തെ തെറി പറയാൻ പോകുന്നു..
ഉച്ചയ്ക്ക് ശേഷം സ്വതന്ത്ര ഭാവമുള്ള ഏതെങ്കിലും തട്ടികൂട്ട് സംഘടന സർക്കാരിനെ ചീത്ത വിളിക്കാൻ സംഘടിപ്പിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുന്നു..
വൈകിട്ട് ഏതെങ്കിലും ആർഎസ്എസ് ശാഖയിൽ പോയി ബൈഠക്കിലും രക്ഷാബന്ധനിലും പങ്കെടുക്കുന്നു..
രാത്രി ചാനൽ ജഡ്ജിമാർക്കൊപ്പം അൽപ്പം ചർച്ച.അവിടെയും പണി ഇടതുപക്ഷത്തെ കുരിശിൽ കയറ്റൽ.ഞാൻ സി.പി.ഐയും ഇടതുപക്ഷവുമാണെന്ന് പുട്ടിനൊക്കെ പീരയിടും പോലെയുള്ള ഇടയ്ക്കിടെയുള്ള ഓർമ്മപ്പെടുത്തൽ..!!
ഈ വിഴുപ്പിന്റെ ബോർഡ് എടുത്ത് മാറ്റിയ സി.പി.ഐക്ക് അഭിവാദ്യങ്ങൾ..