കൊല്ലം: കുളത്തുപ്പുഴയില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 17 വയസ്സുകാരി ലൈംഗിക പീഡനത്തിനിരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്.
കഴിഞ്ഞദിവസമാണ് പെണ്‍കുട്ടിയെ വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മുത്തച്ഛനോടൊപ്പമാണ് താമസിച്ചിരുന്നത്. കുട്ടിയുടെ അമ്മ തിരുവനന്തപുരത്ത് ഹോംനഴ്‌സായി ജോലി ചെയ്യുകയാണ്. രാവിലെ എട്ടുമണിയോടെ മുത്തച്ഛന്‍ പുറത്തുപോയി. പിന്നീട് ഇദ്ദേഹം വീട്ടില്‍ തിരിച്ചെത്തിയപ്പോളാണ് അടുക്കളയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
സംഭവദിവസം രാവിലെ പെണ്‍കുട്ടിയെ വീടിന് മുന്നില്‍ കണ്ടിരുന്നതായി സമീപവാസികള്‍ പറഞ്ഞു. ഇതിനിടെ തിരുവനന്തപുരത്തുള്ള അമ്മ പെണ്‍കുട്ടിയെ മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ ബിസിയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ ഈ ഫോണും നഷ്ടമായിട്ടുണ്ട്.
പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഫോണിനായി കിണര്‍ വറ്റിച്ച് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതേസമയം, വീട്ടില്‍നിന്ന് പെണ്‍കുട്ടിയുടെ ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ കുറിപ്പില്‍ ചില വ്യക്തികളുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
Discussion about this post