കോഴിക്കോട്: കേരളത്തിലെ ലോക്ക് ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് സുപ്രീം കോടതിയില്‍ നടക്കുന്ന കേസില്‍ കക്ഷിചേരുമെന്ന് വ്യാപാരി വ്യവാസായി ഏകോപന സമിതി.
വ്യാപാരി വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ കോടതിയുടെ പരാമര്‍ശങ്ങള്‍ എകപക്ഷീയമാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷന്‍ ടി നസിറുദ്ദീന്‍ പറഞ്ഞു.
ജനാധിപത്യ സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന കാര്യമാണ് പിണാറായി സര്‍ക്കാര്‍ ചെയ്തത്. മുഖ്യമന്ത്രിയില്‍ പരിപൂര്‍ണവിശ്വാസമാണ്. സര്‍ക്കാരിന്റെ തീരുമാനം പൂര്‍ണമായി സ്വാഗതം ചെയ്യുന്നു.
ബക്രീദ് ഇളവകുള്‍ വര്‍ഗീയവത്കരിക്കാനുള്ള ശ്രമം അപലപനീയമാണ്. വാരാന്ത്യലോക്ക് ഡൗണുകള്‍ ഒഴിവാക്കണമെന്ന ആവശ്യം വ്യാപാരികള്‍ക്കില്ലെന്നും അദ്ദേഹം കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആളുകള്‍ അനാവശ്യത്തിന് കടയില്‍ വരുന്നത് ഒഴിവാക്കണമെന്നും ടി നസിറുദ്ദീന്‍ ആവശ്യപ്പെട്ടു. ആവശ്യത്തിന് മാത്രം സാധനം വാങ്ങി പഠിപ്പിക്കണം. അനാവശ്യമായി കാറ്റുകൊള്ളാനുള്ള സ്ഥലമല്ല റോഡ്. റോഡ് കച്ചവടത്തിനും വാഹനഗതാഗതത്തിനുമുള്ളതാണ്. അതിനെ കേരളീയ സമൂഹം ഈവനിങ് വാക്കിനായുള്ള വേദിയായാണ് കാണുന്നത്. അത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബക്രീദിനു മുന്നോടിയായി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മൂന്നു ദിവസം ഇളവു നല്‍കിയതില്‍ കേരളത്തെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോവിഡ് വ്യാപനം കൂടിയ ഡി വിഭാഗം പ്രദേശങ്ങളിലും ഇളവു നല്‍കിയ നടപടിയെ ജസ്റ്റിസ് റോഹിങ്ടണ് നരിമാന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിമര്‍ശിച്ചു.
ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനു മേല്‍ ഒരു സമ്മര്‍ദ ഗ്രൂപ്പിനും മതപരമായാലും അല്ലെങ്കിലും ചെലുത്താനാവില്ലെന്ന് കോടതി പറഞ്ഞു. ഇളവുകള്‍ രോഗവ്യാപനത്തിനു കാരണമായാല്‍ നടപടി നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പു നല്‍കിയിരുന്നു.