ആലപ്പുഴ: പരീക്ഷ പാസാവാതെ ആലപ്പുഴയില്‍ വക്കീലായി പ്രവര്‍ത്തിച്ച യുവതി ഒളിവില്‍. രാമങ്കരി സ്വദേശിനി സെസി സേവ്യര്‍ ഒളിവില്‍പോയത്. പോലീസ് കേസെടുത്തതിന് പിന്നാലെയാണ് സെസി സേവ്യര്‍ ഒളിവില്‍പോയത്. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ആലപ്പുഴ ബാര്‍ അസോസിയേഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോര്‍ത്ത് പോലീസ് കേസ് എടുത്തത്.രണ്ടരവര്‍ഷമായി സെസി സേവ്യര്‍ മതിയായ യോഗ്യതകളില്ലാതെ വക്കീലായി പ്രവര്‍ത്തിച്ച് കോടതിയെയും ബാര്‍ അസോസിയേഷനെയും വഞ്ചിച്ചതായാണ് പരാതിയില്‍ പറയുന്നത്.വിശ്വാസ വഞ്ചന, ആള്‍മാറാട്ടം, മോഷണക്കുറ്റം തുടങ്ങിയവ ഉന്നയിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ രണ്ടരവര്‍ഷമായി ആലപ്പുഴയിലെ കോടതികളില്‍ പ്രാക്ടീസ് ചെയ്തുവരികയായിരുന്നു സെസി സേവ്യര്‍. ഇതിനിടെയാണ് ഇവര്‍ക്ക് യോഗ്യതകളില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു അജ്ഞാതന്റെ കത്ത് ബാര്‍ അസോസിയേഷന് ലഭിച്ചത്. തുടര്‍ന്ന് ബാര്‍ അസോസിയേഷന്‍ നടത്തിയ അന്വേഷണത്തില്‍ സെസി സേവ്യര്‍ ബാര്‍ കൗണ്‍സില്‍ ഓഫ് കേരളയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ബോധ്യപ്പെട്ടു. ഇവര്‍ നല്‍കിയ റോള്‍ നമ്പര്‍ മറ്റൊരാളുടേതാണെന്നും കണ്ടെത്തിയിരുന്നു.
ഇതിനിടെ, ലൈബ്രറിയുടെ ചുമതലയുണ്ടായിരുന്ന ഇവര്‍ ബന്ധപ്പെട്ട രേഖകള്‍ കടത്തിക്കൊണ്ടുപോയതായും പരാതിയുണ്ട്. ഇതിനാണ് മോഷണക്കുറ്റം ആരോപിച്ചും പരാതി നല്‍കിയിരിക്കുന്നത്.
Discussion about this post