ചരിത്രത്തിലെ അപൂര്‍വ കാഴ്ച: മഴയത്ത് സ്വയം കുട ചൂടി പ്രധാനമന്ത്രി; പ്രശംസിച്ച് വി മുരളീധരന്‍

കൊച്ചി: മഴയത്ത് സ്വയം കുട പിടിച്ചുനില്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വാനോളം പ്രശംസിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് എത്തിയപ്പോള്‍ മഴയത്ത് സ്വയം കുടപിടിച്ചു വന്ന പ്രധാനമന്ത്രി ചരിത്രത്തിലെ അപൂര്‍വ കാഴ്ച്ചയാണെന്ന് വി മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നിങ്ങളില്‍ വിജയത്തിന് അര്‍ഹനാണെന്ന് ഈശ്വരന് ബോധ്യപ്പെടും മുന്‍പ് വിനയംകൊണ്ട് അതിന് യോഗ്യനാണെന്ന് നിങ്ങള്‍ സ്വയം തെളിയിക്കണമെന്ന് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാം പറഞ്ഞതായി മുരളീധരന്‍ കുറിച്ചു. മഴയത്ത് സ്വയം കുടപിടിച്ച് നടന്നുവന്ന പ്രധാനമന്ത്രി, താന്‍ രാജ്യത്തിന്റെ സേവകനാണെന്ന വാക്കുകള്‍ അന്വര്‍ഥമാക്കിയെന്നും കുറിപ്പില്‍ പറയുന്നു.

മുഖ്യമന്ത്രി മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് വരെ കുടപിടിക്കാന്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാലമാണ്. തൊഴിലാളി വര്‍ഗത്തിന്റെ പ്രതിനിധി എന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയനു പോലും ഇത്തരമൊരു ലാളിത്യം പുലര്‍ത്താനാവില്ലെന്നും മുരളീധരനര്‍ കുറ്റപ്പെടുത്തി.

എന്നാല്‍, പ്രധാനമന്ത്രി സ്വയം കുടപിടിച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെ, ഉദ്യോഗസ്ഥരെ കൊണ്ട് കുടപിടിപ്പിക്കുന്ന വി മുരളീധരന്റെ ചിത്രം ആളുകള്‍ കമന്റായി ഇടുകയുണ്ടായി. സ്വയം കുടപിടിച്ചു നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവും ചിലര്‍ കമന്റ് ചെയ്യുകയുണ്ടായി.

‘”നിങ്ങള്‍ വിജയത്തിനര്‍ഹനാണെന്ന് ഈശ്വരന് ബോധ്യപ്പെടും മുമ്പ് വിനയംകൊണ്ട് അതിന് യോഗ്യനാണെന്ന് നിങ്ങള്‍ സ്വയം തെളിയിക്കണം” ( ഡോ.എ.പി.ജെ അബ്‌ദുല്‍ കലാം)
പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിനെത്തിയ പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദിജിയെ പാര്‍ലമെന്‍ററികാര്യമന്ത്രി ശ്രീ.പ്രഹ്ളാദ് ജോഷിക്കും സഹമന്ത്രി ശ്രീ അര്‍ജുന്‍ റാം മേഘ്‌വാളിനുമൊപ്പം സ്വാഗതം ചെയ്യുമ്പോള്‍ മനസ്സിലെത്തിയത് മുന്‍ രാഷ്ട്രപതിയുടെ ഈ വാക്കുകളാണ്…..

മഴയത്ത് സ്വയം കുടപിടിച്ച് നടന്നുവന്ന നരേന്ദ്രമോദിജി, താന്‍ രാജ്യത്തിന്‍റെ സേവകനാണെന്ന വാക്കുകള്‍ അന്വര്‍ഥമാക്കി…..

മുഖ്യമന്ത്രി മുതല്‍ പ‍ഞ്ചായത്ത് പ്രസിഡന്‍റ് വരെ കുട പിടിക്കാന്‍ സേവകരെ വയ്ക്കുന്ന കാലത്ത് സ്വയം കുട ചൂടി വന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ചരിത്രത്തിലെ അപൂര്‍വ കാഴ്ചയായി…..
തൊഴിലാളിവര്‍ഗത്തിന്‍റെ പ്രതിനിധിയെന്നവകാശപ്പെടുന്ന മുഖ്യമന്ത്രിയ്ക്കു പോലും ജീവിതത്തില്‍ ഈ ലാളിത്യം പുലര്‍ത്താനാവില്ല…

നരേന്ദ്രമോദി വിജയത്തിന് അര്‍ഹനാണെന്ന് ഈശ്വരന് ബോധ്യപ്പെടുന്നതും ഈ ജീവിതമൂല്യങ്ങള്‍ മൂലമാവണം…’

Exit mobile version