കൊച്ചി: വാടക കുടിശിക അടയ്ക്കാത്തതിനെ തുടര്‍ന്ന് ജിസിഡിഎ പൂട്ടിച്ച, മറൈന്‍ ഡ്രൈവ് മഴവില്‍പാലത്തിനു സമീപം വോക്വേയില്‍ തന്തോണിത്തുരുത്ത് സ്വദേശിനി പ്രസന്ന (54)യുടെ കട തുറന്നു. ലുലു ഗ്രൂപ്പ് പ്രതിനിധിക്കൊപ്പം ജിസിഡിഎ ചെയര്‍മാന്റെ നേതൃത്വത്തിലാണ് കട തുറന്നത്.
പ്രമുഖ വ്യവസായി ലുലു ഗ്രൂപ്പ് ചെയര്മാന് യൂസഫ് അലിയുടെ സഹായത്തോടെയാണ് പ്രസന്നയ്ക്ക് കട തുറക്കാനായത്. വാടക കുടിശികയായി ഒന്‍പത് ലക്ഷം രൂപയാണ് അടയ്ക്കാനുണ്ടായിരുന്നത്.
ജിസിഡിഎയ്ക്ക് വാടകയിനത്തില്‍ നല്‍കാനുള്ള 9 ലക്ഷം രൂപയും കടയിലേക്ക് സാധനങ്ങള്‍ വാങ്ങാനായി 2 ലക്ഷം രൂപയും അടക്കം 11 ലക്ഷം രൂപ നല്‍കുമെന്ന് യൂസഫലി അറിയിച്ചിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ജിസിഡിഎ അധികൃതര്‍ ബലമായി കട അടപ്പിച്ച് സാധങ്ങള്‍ പുറത്തിട്ടത്. കുടിശിക അടയ്ക്കാത്തതിനെ തുടര്‍ന്ന് അധികൃതര്‍ കട അടപ്പിച്ചതോടെ കടയോട് ചേര്‍ന്ന ചായ്പ്പിലായിരുന്നു പ്രസന്ന അന്തിയുറങ്ങിയത്. സംഭവം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ യൂസഫ് അലി സഹായവാഗ്ദാനവുമായി രംഗത്തെത്തുകയായിരുന്നു.
താന്തോന്നി തുരുത്ത് സ്വദേശിയായ പ്രസന്നയുടെ ഏക വരുമാന മാര്‍ഗ്ഗമായിരുന്നു കട. മാനസിക വെല്ലുവിളി നേരിടുന്ന ഒരു മകളും ഇവര്‍ക്കുണ്ട്. മകളെ പോറ്റാനായി മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ 5 വര്‍ഷം മുന്‍പ് ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് ശീതളപാനീയങ്ങള്‍ വില്‍ക്കുന്ന ചെറിയ കട നിര്‍മിക്കാനുള്ള അനുമതി ജിസിഡിഎ നല്‍കിയത്.
Discussion about this post