കൊച്ചി: മോഡി സര്‍ക്കാറിനെ വെട്ടിലാക്കിയിരിക്കുന്ന പെഗാസസ് ഫോണ്‍ ചോര്‍ത്തലിനെ കുറിച്ച് 2019ല്‍ തന്നെ മുന്‍ എംപി കെകെ രാഗേഷ് പാര്‍ലമെന്റില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
2019 നവംബര്‍ 28 ന് ഇസ്രായേല്‍ സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് മോഡി സര്‍ക്കാര്‍ നിയമവിരുദ്ധ ഫോണ്‍ ചോര്‍ത്തല്‍ നടത്തുന്നെന്ന് കെകെ രാഗേഷ് രാജ്യസഭയില്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
സ്വകാര്യതയ്ക്കുള്ള മൗലികാവകാശം ഉറപ്പുവരുത്തിക്കൊണ്ടുള്ള സമഗ്രമായ ‘ഡാറ്റാ സുരക്ഷാ നിയമം’ അടിയന്തിരമായി കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
‘ഇസ്രായേലി ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് സര്‍ക്കാറിനെതിരായ നിലപാട് സ്വീകരിക്കുന്ന രാഷ്ട്രീയ നേതാക്കളുടെയും ആക്ടിവിസ്റ്റുകളുടെയും പത്രപ്രവര്‍ത്തകരുടെയും ന്യായാധിപന്മാരുടെയും മറ്റും ഫോണ്‍രേഖകള്‍ കേന്ദ്രസര്‍ക്കാര്‍ ചോര്‍ത്തുകയാണ്.
വാട്സ്ആപ്പ് വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് മെയ് -സെപ്തംബര്‍ മാസങ്ങളില്‍ ഫേസ്ബുക്ക് കമ്പനി കേന്ദ്രസര്‍ക്കാറിനെ അറിയിച്ചിരുന്നു. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ മറച്ചുവെച്ചത് ദുരൂഹമാണ്.
പെഗാസസ് സോഫ്റ്റ്വെയര്‍ സര്‍ക്കാരുകള്‍ക്കോ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ മാത്രമേ നല്‍കിയിട്ടുള്ളൂവെന്ന് ചാര സോഫ്റ്റ്വെയര്‍ ഉടമകളായ ഇസ്രായേലി കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഈ സോഫ്റ്റ്വെയര്‍ വാങ്ങി വിവരം ചോര്‍ത്താന്‍ ഉപയോഗിക്കുകയായിരുന്നു എന്ന് വ്യക്തം.
നാം ഇപ്പോഴും ജീവിക്കുന്നത് ജനാധിപത്യരാഷ്ട്രത്തിലാണ്, പൗരാവകാശങ്ങള്‍ നിരാകരിക്കപ്പെട്ട ‘സര്‍വ്വെയിലെന്‍സ് സ്റ്റേറ്റി’ല്‍ അല്ല’- രാഗേഷ് രാജ്യസഭയില്‍ പറഞ്ഞു.
രാജ്യത്തെ കേന്ദ്രമന്ത്രിമാര്‍, സുപ്രീംകോടതി ജഡ്ജി, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി കേന്ദ്രത്തിന് സംശയമുള്ളവരുടെ ഫോണ്‍ ചോര്‍ത്തിയതായുള്ള ഞെട്ടിക്കുന്ന വിവരമാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഇസ്രയേലി കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത പെഗാസസ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് ഫോണ്‍ ചോര്‍ത്തല്‍ നടക്കുന്നത്. വാട്‌സാപ്പിന്റെ സുരക്ഷ ഭേദിച്ചാണ് പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്.
സര്‍ക്കാരുകള്‍ക്ക് മാത്രമാണ് പെഗാസസ് സേവനം നടത്തുന്നത്. ഇതില്‍ നിന്നും മോഡി സര്‍ക്കാരും ചാര പ്രവര്‍ത്തനം നടത്തി എന്നാണ് തെളിയുന്നത്. കേന്ദ്ര മന്ത്രിമാര്‍ അടക്കമുള്ളവരുടെ ഫോണ്‍ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അറിയാതെ ചോര്‍ത്തുക എളുപ്പമല്ല. മോഡിക്കും അമിത് ഷാക്കും താല്‍പ്പര്യമില്ലാത്തവരാണ് ചോര്‍ത്തലിന് വിധേയരായതെന്നത് ഞെട്ടിക്കുന്നതാണ്.
ജനാധിപത്യരാജ്യത്ത് പൗരന്റെ അവകാശങ്ങളെ ഹനിയ്ക്കുന്ന നടപടിയാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. രാജ്യത്തെ പൗരന്മാരുടെ സുരക്ഷയും സ്വകാര്യതയും മോഡി സര്‍ക്കാര്‍ പന്താടുകയാണ്.
ദ വയര്‍, വാഷിങ്ടണ്‍ പോസ്റ്റ്, ദ ഗാര്‍ഡിയന്‍, ലെ മൊണ്ടെ തുടങ്ങി വിവിധ രാജ്യങ്ങളിലായുള്ള 17 മാധ്യമങ്ങള്‍ ‘പെഗാസസ് പ്രോജക്ട്’ എന്ന പേരില്‍ നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം കണ്ടെത്തിയത്.
മോഡി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ റിപ്പോര്‍ട്ടുകള്‍ പുറത്തുകൊണ്ടുവന്ന ഡല്‍ഹി കേന്ദ്രമായ ഒരുകൂട്ടം മാധ്യമങ്ങളാണ് ചോര്‍ത്തലിന് ഇരയായത്. ദ വയര്‍ സ്ഥാപക എഡിറ്റര്‍മാരായ സിദ്ധാര്‍ഥ് വരദരാജന്‍, എംകെ വേണു, അമിത് ഷായുടെ മകന്‍ ജയ് ഷായുടെ വരുമാന വര്‍ധന റിപ്പോര്‍ട്ട് ചെയ്ത രോഹിണി സിങ്, റഫേല്‍ അഴിമതി റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യന്‍ എക്‌സ്പ്രസിലെ സുശാന്ത് സിങ്, ന്യൂസ് ക്ലിക്കിലെ പരഞ്‌ജോയ് ഗുഹ താക്കൂര്‍ത്ത, ഹിന്ദുസ്ഥാന്‍ ടൈംസിലെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ശിശിര്‍ ഗുപ്ത, പ്രശാന്ത് ഝാ, രാഹുല്‍ സിങ്, ഇന്ത്യന്‍ എക്‌സ്പ്രസിലെ റിതിക ചോപ്ര, മുസമ്മില്‍ ജമീല്‍, ഇന്ത്യ ടുഡെയിലെ സന്ദീപ് ഉണ്ണിത്താന്‍ തുടങ്ങിയവര്‍ ചോര്‍ത്തപ്പെട്ടു.
ബിജെപി അനുകൂല പത്രമായ പയനീറിലെ മലയാളി മാധ്യമപ്രവര്‍ത്തകന്‍ ജെ ഗോപീകൃഷ്ണനും പട്ടികയിലുണ്ട്. മലയാളിയായ പ്രൊഫസര്‍ ഹാനിബാബു ഉള്‍പ്പെടെ ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റുകള്‍, വിദ്യാഭ്യാസ വിദഗ്ധര്‍, അഭിഭാഷകര്‍ എന്നീ എട്ടുപേരുടെ ഫോണുകളും ചോര്‍ത്തി.
Discussion about this post