മലപ്പുറം ജില്ലയിലെ വേങ്ങരയിലെ കുഞ്ഞ് ഗ്രാമമായ കിളിനക്കോട് ആണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഫേസ്ബുക്ക് ലൈവിലൂടെ നാടിനെ കുറ്റം പറഞ്ഞുവെന്ന പേരില്‍ പെണ്‍കുട്ടികള്‍ക്കെതിരെ വാളെടുത്ത കിളിനക്കോട്ടെ യുവാക്കളാണ് സമൂഹമാധ്യമങ്ങളിലെ താരങ്ങള്‍. മികച്ച ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.
സെല്‍ഫിയും ടിക്ക്‌ടോക്കും ഞങ്ങള്‍ കിളിനാക്കോടുക്കാര്‍ക്ക് ഇഷ്ടമല്ല, ബെസര്‍പ്പിന്റെ മണമുളള എനിക്ക് അതൊട്ടും ഇഷ്ടമല്ല തുടങ്ങി വിവിധ മീമുകളിലുളള ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ പറപറക്കുന്നത്. കുറെനാളുകളായി മികച്ച ഒരു ഇരയെ കിട്ടാതിരുന്ന ട്രോളന്മാര്‍ ഉണര്‍ന്നു കഴിഞ്ഞു. ചിരിപൊട്ടുന്ന നിരവധി ട്രോളുകളുമായി കിളിനക്കോട്ടുകാര്‍ കളം നിറഞ്ഞു കഴിഞ്ഞു.
കഴിഞ്ഞ ദിവസം കിളിനക്കോട് എന്ന് പ്രദേശത്ത് സുഹൃത്തിന്റെ കല്യാണത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു തിരൂരങ്ങാടി പിഎസ്എംഒ കോളേജിലെ വിദ്യാര്‍ഥിനികള്‍ അവര്‍ ആണ്‍കുട്ടികളായ സഹപാഠികള്‍ക്ക് ഒപ്പം സെല്‍ഫി എടുക്കുകയും അവരുടെ വാഹനങ്ങളില്‍ തിരിച്ചു പോകാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ ഒരുപറ്റം ആളുകള്‍ തടഞ്ഞു നിര്‍ത്തുകയും അധിക്ഷേപിക്കുകയും നട്ടുച്ചയ്ക്ക് നടുറോഡിലൂടെ നടത്തിച്ചുവെന്നും പെണ്‍കുട്ടികള്‍ പരാതി പറയുന്നു.
ഫേസ്ബുക്ക് ലൈവിലൂടെ നാടിനെ കുറ്റം പറഞ്ഞെന്ന പേരില്‍ പെണ്‍കുട്ടികള്‍ക്കെതിരെ അധിക്ഷേപവും സൈബര്‍ ആക്രമണവും നടത്തിയെന്ന കേസില്‍ ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. വാട്‌സ്ആപ്പിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും വ്യക്തിപരമായ അധിക്ഷേപത്തിനും സൈബര്‍ ആക്രമണത്തിനും പെണ്‍കുട്ടികള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയോടനുബന്ധിച്ച് 6 പേര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 143, 147, 506 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സംഭവം വിവാദമായതോടെ പെണ്‍കുട്ടികള്‍ നാടിനെ അധിക്ഷേപിച്ചുവെന്ന് കാണിച്ചു പോലീസില്‍ പരാതി നല്‍കിയെന്നും പെണ്‍കുട്ടികള്‍ ഇപ്പോള്‍ പോലീസ് സ്റ്റേഷനില്‍ ആണെന്നും ജനവികാരം ഇവരെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചുവെന്നും കാണിച്ച് സമൂഹമാധ്യമങ്ങളിലൂടെ യുവാക്കള്‍ ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചിരുന്നു. ഇതാണ് കുരുക്കായത്.
സദാചാര വിരുദ്ധമായ കാര്യങ്ങള്‍ ചെയ്തത് തടഞ്ഞതിനെ തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ വീഡിയോ എടുത്തത് എന്ന് സൂചിപ്പിക്കുന്ന തലക്കെട്ടിലാണ് ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. ഇവരെ വ്യക്തിപരമായി അധിക്ഷേപിച്ച് കൊണ്ടുള്ള സൈബര്‍ ആക്രമണമാണ് ഈ പോസ്റ്റുകള്‍ക്ക് താഴെ നടക്കുന്നത്.
പെണ്‍കുട്ടികള്‍ ഫേസ്ബുക്ക് ലൈവില്‍ എത്തി തങ്ങള്‍ ഇവിടെ ഒരു കല്ല്യാണത്തിന് വന്നതാണെന്നും ഇത്രയ്ക്ക് കള്‍ച്ചര്‍ ഇല്ലാത്ത നേരം വെളുക്കാത്ത നാട് വേറെയില്ലെന്നും തമാശ കലര്‍ന്ന രൂപത്തില്‍ ഫേസ്ബുക്ക് വീഡിയോ ചെയ്തു. ‘ഇവിടത്തെ ചെക്കന്‍മാര്‍ പോലും കണക്കാണ്, ഇപ്പോഴും പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിക്കുന്നവരാണ് ഇവിടെ ഉളളവര്‍. ഈ പ്രദേശത്തേക്ക് വരുന്നവര്‍ ഒരു എമര്‍ജന്‍സിയുമായി വരുന്നതാകും നല്ലത്. കഴിയുന്നതും ഈ പ്രദേശത്തേക്ക് ആരും കല്ല്യാണം കഴിച്ച് വരാതിരിക്കുക’ ഇവര്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. ഇതോടെ ഒരു പറ്റം ആളുകള്‍ ഇവര്‍ക്കെതിരെ രംഗത്തു വരികയായിരുന്നു.
Discussion about this post