മൂവാറ്റുപുഴ: വീട്ടിൽ തനിച്ചായ സമയത്ത് വീട്ടമ്മയെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. കോട്ടയം മരിയത്തുരുത്ത് ശരവണ വിലാസത്തിൽ ഗിരീഷാണ് അറസ്റ്റിലായത്. ഇയാളെ പോലീസ് റിമാൻഡ് ചെയ്തു. വീട്ടമ്മയെ കുത്തിവീഴ്ത്തിയാണ് 11 പവനും പണവും ഗിരീഷ് കവർന്നത്.
മോഷണം നടത്തിയ വീട്ടിൽ ഇയാൾ ഇതിനു മുൻപും എത്തിയിരുന്നതായി വ്യക്തമായിട്ടുണ്ട്. രണ്ടാമത്തെ തവണ വീട്ടിൽ വീട്ടമ്മ മാത്രമേ ഉള്ളൂ എന്ന് ഉറപ്പാക്കിയ ശേഷമാണ് എത്തിയത്.
മോഷണം ലക്ഷ്യമിട്ട് കല്ലൂർക്കാട് തഴുവംകുന്ന് പ്രദേശത്ത് പല വീടുകളിലും ഗിരീഷ് കഴിഞ്ഞ ദിവസങ്ങളിൽ എത്തിയിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾ മോഷണത്തിനായി എത്തിയ വീടുകളിൽ പുരുഷന്മാർ ഉണ്ടായിരുന്നതിനാലാണ് പിന്മാറിയതെന്ന് പ്രിൻസിപ്പൽ എസ്ഐ ടിഎം സൂഫി പറഞ്ഞു.
കോട്ടയത്തെ വീട്ടിൽ നിന്ന് വർഷങ്ങൾക്കു മുൻപ് തമിഴ്നാട്ടിലേക്കു കടന്ന ഇയാൾ തമിഴ്നാട്ടിലും ആന്ധ്രയിലും വർഷങ്ങളോളം താമസിച്ച ശേഷമാണ് കേരളത്തിൽ മടങ്ങി എത്തിയത്. ഇവിടെ എത്തിയ ശേഷം തമിഴ്നാട്ടിലും മറ്റുമുള്ള ബിസിനസുകളിൽ പങ്കാളിയാക്കാം എന്ന് വാഗ്ദാനം ചെയ്ത് ഒട്ടേറെ പേരിൽ നിന്ന് പണം തട്ടിയതായും പോലീസ് കണ്ടെത്തി. ഈ പണം ആഡംബര ജീവിതത്തിനായി ചെലവഴിക്കുകയായിരുന്നു. പിന്നീടാണ് മോഷണത്തിലേക്ക് തിരിഞ്ഞത്.
Discussion about this post