ഹൈദരാബാദ്: ശസ്ത്രക്രിയയ്ക്കായി സ്വരൂപിച്ച പണം എലികള്‍ കരണ്ട് നശിപ്പിച്ചു. തെലങ്കാനയിലാണ് ദയനീയ സംഭവം. മഹാബൂബാദ് ജില്ലയിലെ ഇന്ദിരാനഗര്‍ സ്വദേശിയും പച്ചക്കറി കച്ചവടക്കാരനുമായ റെഡ്യ നായിക്കിന്റെ രണ്ട് ലക്ഷത്തോളം രൂപയാണ് എലികള്‍ നശിപ്പിച്ചത്.
വയറ്റിലെ ശസ്ത്രക്രിയക്കായി സൂക്ഷിച്ചതായിരുന്നു പണം. ജോലിചെയ്തുണ്ടാക്കിയതും ബന്ധുക്കള്‍ നല്കിയതുമായ പണം അഞ്ഞുറു രൂപയുടെ നോട്ടുകളാക്കിയശേഷം ഒരു തുണിസഞ്ചിയില്‍ പൊതിഞ്ഞ് വീട്ടിനുള്ളിലെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്.
കഴിഞ്ഞദിവസം പണം എണ്ണിത്തിട്ടപ്പെടുത്താനായി അലമാര തുറന്ന് നോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച റെഡ്യ കണ്ടത്. തുണിസഞ്ചിയും അതിനുള്ളിലെ പണവും എലികള്‍ ഏറക്കുറെ പൂര്‍ണമായും നശിപ്പിച്ചിരിക്കുന്നു. ഏതാനും നോട്ടുകളുടെ ചില ഭാഗങ്ങള്‍ മാത്രമാണ് ലഭിച്ചത്.
കാഴ്ച കണ്ട് റെഡ്യ തളര്‍ന്നുപോയിരുന്നു. ഇതുമായി ബാങ്കുകളെ സമീപിച്ചെങ്കിലും അവരെല്ലാം കൈമലര്‍ത്തുകയായിരുന്നു. നമ്പരിന്റെ ഭാഗമില്ലാത്തതിനാല്‍ പകരം നോട്ടുകള്‍ നല്‍കാനാവില്ലെന്നാണ് അവര്‍ പറയുന്നത്. റിസര്‍വ് ബാങ്കിനെ സമീപിക്കാനാണ് ബാങ്കുകളുടെ ഉപദേശം.
കുറച്ചുനാള്‍ മുമ്പാണ് റെഡ്യ നായിക്കിന്റെ വയറ്റിനുള്ളില്‍ മുഴ വളരുന്നുവെന്ന് വ്യക്തമായത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയെ സമീപിച്ചപ്പോള്‍ ശസ്ത്രക്രിയ നടത്തണമെന്നും അതിന് നാലുലക്ഷത്തോളം രൂപ വേണമെന്നും പറഞ്ഞു. ഇതിനനുസരിച്ച് സ്വരൂപിച്ച പണമാണ് എലികള്‍ നശിപ്പിച്ചത്.
Discussion about this post