തൃശൂർ: കുതിരാൻ തുരങ്ക നിർമ്മാണവുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്നും ആവേശകരമായാണ് പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നതെന്നും റവന്യൂ മന്ത്രി കെ രാജൻ. തുരങ്ക നിർമ്മാണത്തിന്റെ പുരോഗതി വിലയിരുത്താൻ മന്ത്രി കുതിരാൻ സന്ദർശിച്ചു. കളക്ടർ ഹരിത വി കുമാർ, നിർമാണ ചുമതലയുള്ള ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിയെ അനുഗമിച്ചു.
തുരങ്ക നിർമാണത്തിൽ അപാകതകൾ ഉണ്ടെന്ന് തോന്നുന്നില്ല. ശാസ്ത്രീയവും സാങ്കേതികവുമായാണ് ഓരോ പ്രവർത്തനങ്ങളും മുന്നോട്ടു പോയിട്ടുള്ളത്. ഡ്രൈനേജ് സംവിധാനം, ഫയർ ആൻറ് സേഫ്റ്റി സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയെല്ലാം കുറ്റമറ്റ രീതിയിലാണ് തയാറാക്കിയിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
തുരങ്കത്തിന്റെ പണി വളരെ നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നത്. ഇക്കാര്യത്തിൽ സർക്കാർ പൊതുജനാഭിപ്രായവും തേടിയിട്ടുണ്ട്. തുരങ്കം തുറന്നുകൊടുക്കലുമായി ബന്ധപ്പെട്ട് ദിവസവും ചുമതലയുള്ള ഉദ്യോഗസ്ഥർ കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്. തുറന്നു കൊടുത്താലും ഇത്തരം മോണിറ്ററിങ് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
മുകളിലുള്ള മരങ്ങൾ, പാറകൾ എന്നിവ സുരക്ഷിതമാക്കും. വനം വകുപ്പിന്റെ അനുമതിയോടെ തന്നെ അവിടെ ഭീഷണിയായി നിൽക്കുന്ന രണ്ട് മരങ്ങൾ മുറിക്കാൻ ധാരണയായിട്ടുണ്ട്. മുകളിൽ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടിയും അധികൃതർ സ്വീകരിച്ചിട്ടുണ്ട്.