തിരുവനന്തപുരം: കഴിഞ്ഞ കാല പ്രളയങ്ങള്‍ക്ക് സമാനമായ ന്യൂനമര്‍ദങ്ങള്‍ കാലവര്‍ഷക്കാലത്ത് വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്നത് കൊണ്ട് കേരളത്തില്‍ മഴ ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്തസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
പ്രളയമായി മുന്‍ വര്‍ഷങ്ങളില്‍ കേരളം അനുഭവിച്ചത് കാലം തെറ്റിയുള്ള കാലവര്‍ഷത്തിന്റെ കെടുതിയാണ്. അതിന്റെ മുറിവുകള്‍ ഇപ്പോഴും ഓരോ കേരള ജനതയുടെയും ഉള്ളില്‍ മായാതെ കിടപ്പുണ്ട്. അതുകൊണ്ട് തന്നെ വലിയ ജാഗ്രതയിലാണ് സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തെക്കാണുന്നത്.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കാലവര്‍ഷം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ജൂലൈ 21ഓടെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇത് മുന്നില്‍കണ്ട് സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.
ഞായറാഴ്ച കാസര്‍കോട് ജില്ലയിലും 20ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും 21ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട്. ഞായറാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്ക് ബംഗാള്‍ ഉള്‍ക്കടലിലും തെക്ക്-പടിഞ്ഞാറന്‍, മധ്യ പടിഞ്ഞാറ് അറബിക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 60 കി.മീ വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരള-ലക്ഷദ്വീപ് തീരങ്ങളില്‍നിന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.