മറയൂര്‍: രക്ഷിക്കണമെന്ന് അപേക്ഷിച്ച് 108ലേയ്ക്ക് എത്തിയ ഫോണിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിനൊടുവില്‍ കണ്ടെത്തിയത് യുവാവിന്റെ മൃതദേഹം. പറക്കെട്ടില്‍ നിന്നുവീണു മരണത്തോട് മല്ലിട്ടുകൊണ്ടിരിക്കെയാണ് 108 ലേയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച് വിളിച്ചത്. വിളിയെത്തിയതിനു തൊട്ടുപിന്നാലെ, പോലീസും കൂട്ടരും ആളെ കണ്ടുപിടിക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും കനത്ത മഴയും കാട്ടാനക്കൂട്ടവും അന്വേഷണത്തിന് തടസമായി.
പിന്നീട് വെള്ളിയാഴ്ച അയാളുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കാന്തല്ലൂര്‍ ചന്ദ്രമണ്ഡലത്തിലാണ് യുവാവ് പാറക്കെട്ടില്‍നിന്നുവീണ് മരിച്ചത്. 40 വയസ്സ് പ്രായം തോന്നിക്കുന്ന മരിച്ചയാളെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. വ്യാഴാഴ്ച രാത്രി 9.28-നാണ് മറയൂരില്‍ ഓടുന്ന 108 ആംബുലന്‍സ് ഡ്രൈവര്‍ ജിബിന്‍ തോമസിന്റെ ഫോണില്‍ തിരുവനന്തപുരം 108 കോള്‍ സെന്ററില്‍നിന്ന് സന്ദേശം എത്തുന്നത്.
തനിക്ക് അപകടം പറ്റിയെന്നും പരിക്ക് ഗുരുതരമാണെന്നും കാന്തല്ലൂര്‍ ചന്ദ്രമണ്ഡലം ഭാഗത്താണുള്ളതെന്നും ഒരാള്‍ വിളിച്ചുപറഞ്ഞെന്നായിരുന്നു സന്ദേശം. 9489556603 എന്ന നമ്പരില്‍നിന്നായിരുന്നു വിളി വന്നത്. ജിബിന്‍ ഈ നമ്പരില്‍ പരിക്കേറ്റയാളെ വിളിച്ചെങ്കിലും സംസാരം വ്യക്തമാകാത്തതിനാലും സ്ഥലം കൃത്യമായി മനസ്സിലാക്കാന്‍ കഴിയാത്തതിനാലും മറയൂര്‍ പോലീസുമായി ബന്ധപ്പെട്ടു.
108 വാനും മറയൂര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും പയസ് നഗര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമായി പെരടിപ്പള്ളം ഭാഗത്ത് എത്തിയെങ്കിലും കനത്ത മഴയും വഴിയില്‍ കാട്ടാനക്കൂട്ടവും ചന്ദ്രമണ്ഡലത്തില്‍ എത്തിച്ചേരുന്നതിന് തടസമാവുകയായിരുന്നു. അതേസമയം, ഫോണില്‍ വിളിച്ച് സ്ഥലം കണ്ടുപിടിക്കാനുള്ള ശ്രമം വിജയിച്ചില്ല. രാത്രി രണ്ടുമണിയോടുകൂടി പരിശോധന നടത്താന്‍ കഴിയാതെ സംഘം മലയിറങ്ങുകയായിരുന്നു.
പിന്നീട്, നടത്തിയ തിരച്ചിലിലാണ് പാറക്കെട്ടിന് താഴെ അജ്ഞാതനായ ആളുടെ മൃതദേഹം കണ്ടെത്തിയത്. 200 അടി താഴ്ചയിലാണ് മൃതദേഹം കിടന്നത്. മൃതദേഹം ചുമന്ന് നാലുമണിക്കൂര്‍കൊണ്ടാണ് റോഡിലെത്തിച്ചത്. ആളെ തിരിച്ചറിയാത്തതിനാല്‍ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുമെന്നും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും മറയൂര്‍ ഇന്‍സ്‌പെക്ടര്‍ ബിജോയ് പി.ടി. പറഞ്ഞു.
Discussion about this post