തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾ പ്രതികളാകില്ലെന്ന് റിപ്പോർട്ട്. കേസിൽ കുറ്റപത്രം ജൂലൈ 24ന് സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കളെ സാക്ഷികളാക്കണോ എന്ന കാര്യം പിന്നീടായിരിക്കും ആലോചിക്കുക. ഇരിങ്ങാലക്കുട കോടതിക്ക് മുമ്പാകെയാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുക.
കേസിൽ ആകെ 22 പ്രതികളാണുള്ളത്. കുറ്റപത്രത്തിൽ ബിജെപി നേതാക്കളുടെ മൊഴികൾ ഉൾപ്പെടുത്തും. കേസുമായി ബന്ധപ്പെട്ട് 19 ബിജെപി നേതാക്കളെയാണ് ചോദ്യം ചെയ്തത്. ഇവരിൽ ആരും കേസിൽ പ്രതിയാകില്ലെന്നാണ് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്യുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഒരു കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാകും സംസ്ഥാന പോലീസ് കോടതിയിൽ ആവശ്യപ്പെടുക. ഇഡി അന്വേഷിക്കേണ്ട വകുപ്പാണിത്. കേസുമായി ബന്ധപ്പെട്ട് ജൂലൈ 14ന് സുരേന്ദ്രൻ ഹാജരായിരുന്നു. ഒന്നര മണിക്കൂർ ചോദ്യം ചെയ്ത ശേഷം സുരേന്ദ്രനെ അന്ന് വിട്ടയക്കുകയായിരുന്നു. കവർച്ചക്കേസിൽ പരാതി നൽകിയ ധർമരാജനും കെ സുരേന്ദ്രനും ഫോണിൽ സംസാരിച്ചതിന്റെ വിവരങ്ങളാണ് അന്ന് ചോദിച്ചറിഞ്ഞത്.
കവർച്ചാ പണം മുഴുവൻ കണ്ടെടുക്കുക ദുഷ്കരമെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇത് തെരഞ്ഞെടുപ്പിന് വേണ്ടി വന്ന പണമാണെന്ന് തെളിയിക്കാനുള്ള ഒന്നും അന്വേഷണസംഘത്തിന് കിട്ടിയിട്ടില്ല. ഈ പണത്തിന്റെ ഉറവിടം സംബന്ധിച്ച് ഒരു മൊഴികളും ബിജെപി നേതാക്കളിൽ നിന്ന് കിട്ടിയിട്ടില്ല. അതിനാൽ ഇത് ഒരു കവർച്ചാക്കേസ് മാത്രമായി കണക്കാക്കി ഒരു കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം
Discussion about this post