തൃശൂര്‍: മൊബൈല്‍ ഫോണിന് തകരാര്‍ ആരോപിച്ച് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കൗണ്‍സില്‍.
മാള കുരുവിലശ്ശേരിയിലെ തട്ടാരുപറമ്പില്‍ വീട്ടില്‍ ടിഎം രഘുനാഥിന് കൊച്ചി തൃക്കാക്കര മാര്‍ക്ക് ഇലക്‌ട്രോണിക്‌സ് നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉത്തരവിട്ടിരിക്കുന്നത്.
രഘുനാഥ് 1800 രൂപ നല്‍കി മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ തന്നെ കവറില്‍ ഒരു വിടവ് കണ്ടു. ഇത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ സാരമാക്കാനില്ലെന്നാണ് കടയുടമ മറുപടി നല്‍കിയത്. ഒരാഴ്ച കഴിയുന്നതിനു മുമ്പ് പാനല്‍ കവര്‍ ഇളകി ഊരി വന്നു. പരാതിപ്പെട്ടപ്പോള്‍ നന്നാക്കിത്തരാമെന്നു പറഞ്ഞ് വാങ്ങിവെച്ചു.
ഒരാഴ്ച കഴിഞ്ഞ് അന്വേഷിച്ചപ്പോള്‍ മൊബൈലില്‍ വെള്ളം കയറിയിരിക്കുകയാണെന്നും നന്നാക്കാന്‍ 1000 രൂപയോളം ചെലവ് വരുമെന്നും പറഞ്ഞു. തുടര്‍ന്നാണ് പരാതി ഫയല്‍ ചെയ്തത്.
തെളിവുകള്‍ പരിഗണിച്ച പ്രസിഡന്റ് സിടി ബാബു, അംഗങ്ങളായ ഡോ. കെ രാധാകൃഷ്ണന്‍ നായര്‍, എസ് ശ്രീജ എന്നിവരടങ്ങിയ കൗണ്‍സില്‍ ഫോണ്‍ മാറ്റി നല്‍കാനും നഷ്ടപരിഹാരമായി 5,000 രൂപ നല്‍കാനും അതിന് കഴിയില്ലെങ്കില്‍ 6,800 രൂപയും വാങ്ങിയ തീയതി മുതല്‍ 12 ശതമാനം പലിശയും നല്‍കാനും ഉത്തരവിടുകയായിരുന്നു. പരാതിക്കാരന് വേണ്ടി അഡ്വ. എഡി ബെന്നി ഹാജരായി.