കൊല്ലം: പത്തനാപുരം എംഎല്‍എ കെബി ഗണേഷ് കുമാറിന്റെ ഓഫീസില്‍ ആക്രമണം. അക്രമത്തില്‍ പാര്‍ട്ടി പ്രവര്ത്തകന് വെട്ടേറ്റു. അക്രമിയെ ഓഫീസ് ജീവനക്കാര്‍ കീഴ്പ്പെടുത്തുകയും ചെയ്തു. ശേഷം പോലീസിന് കൈമാറി. വെട്ടേറ്റ കേരളാ കോണ്‍ഗ്രസ് ബി പ്രവര്ത്തകന് ബിജു പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാവിലെ ആറുമണിയോടെയാണ് പ്രദേശവാസിയായ ഇദ്ദേഹം അക്രമം നടത്തിയത്. എംഎല്‍എ ഓഫീസിന്റെ വാതില്ക്കല് നില്‍ക്കുകയായിരുന്ന ബിജുവിനെ, ഓടിയെത്തിയ അക്രമി വെട്ടുകയായിരുന്നു. ബിജുവിന് കൈയിലാണ് വെട്ടേറ്റത്. ഉടന്‍തന്നെ ഓഫീസില്‍ ഉണ്ടായിരുന്ന മറ്റ് ജീവനക്കാരും ബിജുവും നാട്ടുകാരും ചേര്‍ന്ന് അക്രമിയെ പിടികൂടി പോലീസിന് കൈമാറി. അക്രമം നടത്തിയ ആള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെ വൈദ്യപരിശോധനയ്ക്ക് പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിഷയത്തിന് രാഷ്ട്രീയമാനമില്ലെന്നാണ് പ്രാഥമികനിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Discussion about this post