വടകര: എല്ലാ ആർഭാടങ്ങളും ഒരുക്കാനുള്ള സാമ്പത്തിക ശേഷി ഉണ്ടായിരുന്നിട്ടും അതെല്ലാം വേണ്ടെന്ന് വെച്ച് അതിലളിതമായി വിവാഹിതരായി അഖിലേഷും അർച്ചനയും. താലിമാല ചാർത്തലോ വിവാഹമോതിരം കൈമാറലോ ഒന്നുമില്ലാത്ത പൂക്കൾ കൊണ്ടുണ്ടാക്കിയ ബൊക്കെ കൈമാറൽ മാത്രമാണ് ചടങ്ങായി ഈ വിവാഹത്തിനുണ്ടായത്.
എല്ലാറ്റിനും കഴിയുമായിരുന്നിട്ടും ഒരുതരി സ്വർണംപോലും വേണ്ടെന്നുവെച്ച് അഖിലേഷും അർച്ചനയും വിവാഹിതരായപ്പോൾ ഇരുകുടുംബങ്ങളും കൂടെ നിന്നു. വ്യാഴാഴ്ച കൈവേലിയിൽ നടന്ന അഖിലേഷിന്റെയും അർച്ചനയുടെയും വിവാഹമാണ് സ്വർണത്തിന്റേയോ പണത്തിന്റേയോ അതിപ്രസരമില്ലാതെ കഴിഞ്ഞുപോയത്.
മടപ്പള്ളി പുളിയേരീന്റവിട സുരേഷ്ബാബുവിന്റെയും (കമല ഫ്ളവേഴ്സ്, വടകര) ജയശ്രീയുടെയും മകനാണ് അഖിലേഷ്. അർച്ചന കൈവേലി ചെറുവത്ത് അശോകന്റെയും ശോഭയുടെയും മകൾ.
കല്യാണം ഉറപ്പിച്ചതിനുശേഷം അഖിലേഷും അർച്ചനയും ചേർന്നാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ഒരുതരി സ്വർണംപോലും വേണ്ടെന്നായിരുന്നു നിലപാട്. വിവാഹത്തിന് താലിമാല കെട്ടില്ല, മോതിരം കൈമാറില്ല. ആദ്യം ചെറിയ എതിർപ്പുണ്ടായിരുന്നെങ്കിലും പിന്നീട് ബന്ധുക്കളും തീരുമാനത്തെ സ്വീകരിക്കുകയായിരുന്നു.
15ഓളം പേർ മാത്രമാണ് വധൂഗൃഹത്തിലെത്തിയത്. കല്യാണച്ചടങ്ങായി പൂക്കൾ കൊണ്ടുള്ള വരണമാല്യം ചാർത്തലും ബൊക്കെ കൈമാറലും മാത്രം. ലളിതമായ ഈ വിവാഹത്തെ നാട്ടുകാരും പ്രശംസിക്കുകയാണ്. സ്ത്രീധനപ്രശ്നം ചർച്ചയാകും മുമ്പെതന്നെ അഖിലേഷും അർച്ചനയും ഈ തീരുമാനമെടുത്തിരുന്നു. ഏപ്രിൽ 25നായിരുന്നു ഇവരുടെ കല്യാണം തീരുമാനിച്ചത്. കോവിഡ് നിയന്ത്രണവും മറ്റും വന്നപ്പോൾ തീയതി നീളുകയായിരുന്നു. ബി.ടെക് ബിരുദ ധാരിയും സിവിൽ എൻജിനിയറുമാണ് അഖിലേഷ്. അർച്ചന എം. ടെകുകാരിയാണ്.
Discussion about this post