ചാലക്കുടി: കൃത്രിമമായി ബലാത്സംഗക്കേസ് കെട്ടിച്ചമച്ച് ഗൂഢാലോചന നടത്തിയെന്ന കേസിൽ ഒളിമ്പ്യൻ മയൂഖാ ജോണി ഉൾപ്പടെയുള്ളവർക്ക് എതിരെ കേസെടുക്കാൻ കോടതി നിർദേശം. മുരിയാട് എമ്പറർ ഇമ്മാനുവൽ ചർച്ചിന്റെ പരമാധികാരി നിഷാ സെബാസ്റ്റ്യൻ, ഇവിടത്തെ ട്രസ്റ്റികൾ എന്നിവരുൾപ്പെടെ 10 ആളുകളുടെ പേരിലാണ് കേസെടുക്കാൻ ചാലക്കുടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഉത്തരവിറക്കിയിരിക്കുന്നത്.
ക്രിമിനൽ ഗൂഢാലോചനകൾ നടത്തി വ്യാജരേഖ ചമച്ച് സ്ഥാപനത്തിന്റെ മുൻ ട്രസ്റ്റി സിസി ജോൺസനെതിരേ ബലാത്സംഗത്തിന് കേസ് കൊടുക്കുകയും ബലാത്സംഗ ആരോപണമുന്നയിച്ച് പത്രസമ്മേളനം നടത്തുകയും ചെയ്തുവെന്ന പരാതിയിലാണ് വിധി.
അഡ്വ. സിറിയക് വർഗീസ് വഴി പരാതിക്കാർ നൽകിയ അന്യായത്തിലാണ് കോടതി ഇടപെടൽ. ആളൂർ പോലീസിനോടാണ് കേസെടുക്കാൻ കോടതി നിർദേശിച്ചത്. കൃത്രിമ തെളിവുകളുണ്ടാക്കിയാണ് ജോൺസണെതിരേ പരാതിപ്പെട്ടിട്ടുള്ളതെന്ന് പരാതിയിൽ പറയുന്നു.