ചാരുംമൂട്: സ്ത്രീധന പീഡനങ്ങളും ഇതേചൊല്ലിയുള്ള വിവാഹമോചനങ്ങളുമെല്ലാം വാർത്തയാകുന്നതിനിടെ വളരെ വ്യത്യസ്തമായി ആലപ്പുഴയിലെ ഈ വിവാഹം. സ്ത്രീധനത്തിന് എതിരെ വാക്കുകൊണ്ടല്ലാതെ പ്രവർത്തികൊണ്ട് മാതൃക തീർത്തിരിക്കുകയാണ് സതീഷ് സത്യനും ശ്രുതി രാജും. ഈ നവദമ്പതികൾ സ്ത്രീധനവും വിവാഹസമ്മാനവും വേണ്ടെന്ന് വെച്ചാണ് പുതിയ ഒരു മാതൃക തീർത്തിരിക്കുന്നത്.
മാതാപിതാക്കൾ ശ്രുതിക്കു വിവാഹസമ്മാനമായി നൽകിയ സ്വർണാഭരണങ്ങൾ തിരികെ നൽകിക്കൊണ്ടാണ് സതീഷ് മാതൃകയായത്. നൂറനാട് പള്ളിക്കൽ ഹരിഹരാലയത്തിൽ കെവി സത്യൻ-ജി സരസ്വതി ദമ്പതിമാരുടെ മകനായ സതീഷ് സത്യനും നൂറനാട് പണയിൽ ഹരിമംഗലത്ത് പടീറ്റതിൽ ആർ രാജേന്ദ്രൻ-പി ഷീല ദമ്പതിമാരുടെ മകൾ ശ്രുതിരാജുമായുള്ള വിവാഹം വ്യാഴാഴ്ച പണയിൽ ദേവീക്ഷേത്രത്തിലാണു നടന്നത്.
വധുവണിഞ്ഞ ആഭരണങ്ങളെല്ലാം താലികെട്ടിനുശേഷം സതീഷും സത്യനും കുടുംബവും ചേർന്ന് എസ്എൻഡിപി ശാഖായോഗം ഭാരവാഹികളുടെ സാന്നിധ്യത്തിൽ വധുവിന്റെ മാതാപിതാക്കൾക്കു തന്നെ താലത്തിൽ വെച്ച് കൈമാറുകയായിരുന്നു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുനടന്ന വിവാഹത്തിൽ വരന്റെയും വധുവിന്റെയും ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണു പങ്കെടുത്തത്.
ചിത്രം കടപ്പാട്: മാതൃഭൂമി
Discussion about this post