കൊച്ചി: ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായെത്തിയ മാലിക് എന്ന ചിത്രത്തിനെതിരെയുള്ള ഇസ്ലാമോഫോബിക് എന്ന വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരിച്ച് സംവിധായകന്‍ മഹേഷ് നാരായണന്‍ രംഗത്ത്.
ഇസ്ലാമോഫോബിക് ഘടകങ്ങളും ബീമാപ്പള്ളി വെടിവെപ്പുമായുള്ള ബന്ധത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയുകയാണ് മഹേഷ് നാരായണന്‍.
ഇസ്ലാമോഫോബിയ ആരോപണങ്ങളെ കുറിച്ച് തനിക്കറിയില്ലെന്ന് മഹേഷ് നാരായണന്‍ പറഞ്ഞു. അത്തരം കാര്യങ്ങള്‍ തനിക്കറിയില്ലെന്നും സിനിമയില്‍ അത്തരം കാര്യങ്ങളുള്ളതായി തോന്നിയില്ലെന്നും അദ്ദേഹം ഫില്‍മി ബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘മാലിക്’ ബീമാപ്പള്ളി സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും സംഭവത്തെ അവതരിപ്പിച്ചിരിക്കുന്നതില്‍ പാളിച്ചകള്‍ വന്നിട്ടുണ്ടെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനോടും അദ്ദേഹം പ്രതികരിച്ചു.
സാങ്കല്‍പ്പികമാണെന്ന് പറയുമ്പോഴും ബീമാപ്പള്ളി സംഭവവുമായി ആളുകള്‍ ബന്ധപ്പെടുത്തുന്നുണ്ടല്ലോയെന്ന ചോദ്യത്തിന് അതവരുടെ വ്യക്തിപരമായ കാഴ്ചപ്പാടാണെന്നായിരുന്നു മഹേഷ് നാരായണന്റെ മറുപടി.
സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, സലിംകുമാര്‍, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട്, രാജേഷ് ശര്‍മ, അമല്‍ രാജ്. സനല്‍ അമന്‍, പാര്‍വതി കൃഷ്ണ, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്തുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്.
ടേക്ക് ഓഫിനും സീ യു സൂണിനും ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്.