കൊച്ചി: എസ്എസ്എല്‍സി പരീക്ഷയില്‍ തോറ്റുപോയ കുട്ടികള്‍ക്ക് കൊടൈക്കനാലില്‍ രണ്ട് ദിവസം കുടുംബവുമൊത്ത് സൗജന്യ താമസവും ഭക്ഷണവും വാഗ്ദാനം ചെയ്ത് മലയാളി യുവവ്യവസായി.
കോഴിക്കോട് വടകര സ്വദേശിയും കൊടൈക്കാനില്‍ സ്ഥിര താമസക്കാരനുമായ ഹാമോക്ക് ഹോംസ്റ്റേ ഉടമ സുധിയാണ് തോറ്റ കുട്ടികള്‍ക്ക് കിടിലന്‍ അവസരം ഒരുക്കുന്നത്. തോറ്റവര്‍ സൃഷ്ടിച്ച ലോകമാണ് ജയിച്ചവരുടെ കഥ പറഞ്ഞ് കയ്യടിക്കുന്നതെന്ന് സുധി പറയുന്നു.
എസ്എസ്എല്‍സി തോറ്റവര്‍ക്ക് കൊടൈക്കനാലില്‍ ഫാമിലിയോടൊപ്പം ഫ്രീ സ്റ്റേയാണ് സുധിയുടെ ഓഫര്‍. ഈ മാസം അവസാനം വരെയാണ് ഓഫറിന്റെ കാലാവധി. റിസല്‍ട്ടിന്റെ പ്രൂഫ് ഹാജരാക്കുന്നവര്‍ക്കാണ് ഓഫര്‍ നേടാനാകുന്നത്.
‘അവര്‍ രണ്ടു ദിവസം ഇവിടെ വന്ന് റിലാക്സ് ചെയ്യട്ടേ… എന്നിട്ട് അടുത്ത പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് നടത്തട്ടേ…പിന്നെ തോറ്റവരുടെയും കൂടിയാണ് ഈ ലോകം’ സുധി പറയുന്നു.
കഴിഞ്ഞ 15 വര്‍ഷമായി കൊടൈക്കനാലില്‍ സ്ഥിരതാമസമാണ് സുധിയും കുടുംബവും. ഹാമോക്ക് എന്ന പേരില്‍ കൊടൈക്കനാലില്‍ വിവിധ ഇടങ്ങളില്‍ ഹോംസ്റ്റേ നടത്തുകയാണ്. ലോക്ക്ഡൗണ്‍ വിനോദ സഞ്ചാര മേഖലയെ കീഴ്‌മേല്‍ മറിച്ചെങ്കിലും 10,000 രൂപയോളം ചിലവു വരുന്ന താമസ സൗകര്യം സൗജന്യമായി കൊടുക്കുകയാണ്.
തോറ്റു പോയ എത്ര കുട്ടികളാണെങ്കിലും അവര്‍ക്കെല്ലാം ഈ ഓഫര്‍ ലഭ്യമാണ്. തോറ്റു പോയവരാണ് പിന്നീട് ജയിച്ചിട്ടുള്ളത്. അതിനാല്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കുക എന്നുമാത്രമാണ് ഈ ആശയത്തിന് പിന്നിലെന്ന് സുധി പറഞ്ഞു. ഈ മാസം അവസാനം വരെയാണ് ഓഫര്‍ കാലാവധി.
Discussion about this post