നെടുങ്കണ്ടം: ലിപ് മൂവ്‌മെന്റ് നോക്കി പാഠഭാഗങ്ങള്‍ പഠിച്ചെടുത്ത് അനഘ അശോകന്‍ നേടിയ എ പ്ലസുകള്‍ക്ക് പത്തരമാറ്റ് തിളക്കമാണ്. ജന്മനാ കേള്‍വിശക്തി നഷ്‌പ്പെട്ട അനഘ അശോകന്‍ പഠിച്ചത് ബിആര്‍സി ട്രെയ്‌നിങ് അധ്യാപികയുടെ ലിപ് മൂവ്‌മെന്റ് നോക്കിയാണ്.
ക്ലാസ് റൂമില്‍ ഇരുന്ന് പഠിക്കുമ്പോള്‍ അനഘയ്ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു.
ഇത് മനസിലാക്കിയ കല്ലാര്‍ ഗവ. ഹൈസ്‌കൂളിലെ അധ്യാപകര്‍ അനഘയ്ക്കായി ബിആര്‍സി ട്രെയ്‌നര്‍ ഷീബ ജോസഫിന്റെ സഹായം ഒരുക്കി. പഠനത്തില്‍ മികവുണ്ടായിരുന്ന അനഘയ്ക്കായി ഷീബ ഒറ്റയ്ക്ക് ക്ലാസ് നല്‍കി.
ചെറുപ്പം മുതല്‍ മറ്റുള്ളവര്‍ സംസാരിക്കുന്നത് മനസ്സിലാക്കാന്‍ ലിപ് മൂവ്‌മെന്റ് നോക്കി അനഘ പഠിച്ചിരുന്നു. താന്‍ പഠിപ്പിച്ച 43 ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളെയും ജയിപ്പിച്ച് ഷീബ ടീച്ചറും സ്‌കൂളിലെ മിന്നും താരമായി. കല്ലാര്‍. ഗവ ഹൈസ്‌കൂളില്‍ ഇത്തവണ 43 ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. 43 പേരില്‍ ഒരാളായ അനഘയ്ക്കു ഫുള്‍ എ പ്ലസും ലഭിച്ചു. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് സ്‌പെഷല്‍ ട്രെയിനിങ് നല്‍കാനാണ് നെടുങ്കണ്ടം ബിആര്‍സി ഷീബ ജോസഫിനെ കല്ലാര്‍ ഗവ. ഹൈസ്‌കൂളിലേക്ക് നിയമിച്ചത്.
ഇത്തവണ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളായ 36 പേര്‍ക്ക് പഠനവൈകല്യം, 6 വിദ്യാര്‍ഥികള്‍ക്കു ബുദ്ധിപരമായ കുറവ് എന്നിവ ഉണ്ടായിരുന്നു. കുട്ടികള്‍ക്കുള്ള കുറവുകള്‍ക്ക് അനുസൃതമായി പ്രത്യേക ക്രമീകരണം ഷീബ ഒരുക്കി. ചിലര്‍ക്ക് ഒട്ടേറെ തവണ വായിച്ച് നല്‍കിയാല്‍ മനസ്സിലാകും, മറ്റു ചിലര്‍ക്ക് എഴുതി പഠിപ്പിക്കണം, ചിലര്‍ക്ക് കൂട്ടുകാരിയും അമ്മയുമാകണം. പഠിപ്പിച്ച വിദ്യാര്‍ഥികള്‍ക്കെല്ലാം ഷീബ ടീച്ചര്‍ അമ്മയും കൂട്ടുകാരിയുമാണ്.
Discussion about this post