കോഴിക്കോട്: എറണാകുളം-കണ്ണൂര്‍ എക്സിക്യുട്ടീവ് ട്രെയിനില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം. ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. യുവതി അപായച്ചങ്ങല വലിച്ചതിനെത്തുടര്‍ന്ന് പ്രതി തീവണ്ടിയില്‍ നിന്ന് ചാടി രക്ഷപ്പെടുകയും ചെയ്തു.
43 വയസുകാരിയായ ചാത്തമംഗലം സ്വദേശിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. എറണാകുളത്ത് ഹോം നഴ്സായി ജോലിചെയ്യുന്ന ഇവര്‍ കോഴിക്കോട്ടെ വീട്ടിലേയ്ക്ക് വരുകയായിരുന്നു. തീവണ്ടിയിലെ അവസാന കമ്പാര്‍ട്ട്മെന്റില്‍ യാത്രചെയ്യവേ ഒപ്പമുണ്ടായിരുന്ന യാത്രക്കാരനാണ് കടന്നുപിടിക്കാന്‍ ശ്രമം നടത്തിയത്.
മറ്റൊരു കുടുംബവും ഇതേ കമ്പാര്ട്ട്മെന്റിലുണ്ടായിരുന്നു. യുവതി ബഹളംവെച്ചതിനെത്തുടര്‍ന്ന് കുടുംബം ഇയാളെ തടഞ്ഞുവെയ്ക്കാന്‍ ശ്രമിച്ചെങ്കിലും ട്രെയിനില്‍ നിന്ന് ചാടിരക്ഷപ്പെടുകയായിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതി തൃശ്ശൂരില്‍നിന്ന് കയറിയതുമുതല്‍ ശല്യപ്പെടുത്താന്‍ തുടങ്ങിയിരുന്നുവെന്ന് സ്ത്രീ പറഞ്ഞു.
തിരൂര്‍ വിട്ടശേഷം അക്രമം ഭയന്ന് സ്ത്രീ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. അതേസമയം, പ്രതിയെ തിരിച്ചറിയാനായിട്ടില്ല. സംഭവത്തില്‍ കോഴിക്കോട് റെയില്‍വേ പോലീസ് അന്വേഷണമാരംഭിച്ചു.
Discussion about this post