80 മിനിറ്റില്‍ 108 ചോദ്യങ്ങള്‍; പലതും അറിയില്ലെന്ന് മറുപടി, കുഴല്‍പ്പണ കേസില്‍ തനിക്കോ പാര്‍ട്ടിക്കോ ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് കെ സുരേന്ദ്രന്‍

K Surendran | Bignewslive

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട സംഭവത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്തത് ഒരു മണിക്കൂറും 20 മിനിറ്റും. കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് ബന്ധമുണ്ടോ എന്നറിയാന്‍ ആദ്യമേ തന്നെ 100 ചോദ്യങ്ങളോളം തയ്യാറാക്കിയിരുന്നു.

ഓരോ ചോദ്യത്തിനും ഉത്തരം പറയാന്‍ ഒരു മിനിറ്റ് വീതം അനുവദിച്ചിരുന്നു. ചോദ്യങ്ങള്‍ക്ക് കിട്ടുന്ന മറുപടിയെ അടിസ്ഥാനമാക്കി തത്സമയം അനുബന്ധ ചോദ്യങ്ങള്‍ തയ്യാറാക്കുകയും ചെയ്തിരുന്നു. അതുപ്രകാരം മൊത്തം 108 ചോദ്യങ്ങളാണ് സുരേന്ദ്രനോട് ആരാഞ്ഞത്. ഇവയില്‍ 38 ചോദ്യങ്ങളായിരുന്നു പ്രധാനപ്പെട്ടവ.

പല ചോദ്യങ്ങളോട് അറിയില്ല എന്നാണ് സുരേന്ദ്രന്‍ പ്രതികരിച്ചത്. കേസിലെ പരാതിക്കാരനായ ധര്‍മരാജനെ പാര്‍ട്ടി പ്രചാരണത്തിനിടെ കണ്ടിട്ടുണ്ടെന്നും അപ്രകാരം പരിചയമുണ്ടെന്നുമായിരുന്നു മറുപടി. കൊടകരയില്‍ പിടികൂടിയ പണവുമായി പാര്‍ട്ടിക്കോ തനിക്കോ ബന്ധമില്ലെന്ന് സുരേന്ദ്രന്‍ ആവര്‍ത്തിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തന്റെ അറിവോടെ പാര്‍ട്ടി തൃശ്ശൂരിലേക്ക് പണമെത്തിച്ചിട്ടില്ല. കൊടകരയില്‍ പിടികൂടിയ പണവുമായി പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ക്കോ നേതാക്കള്‍ക്കോ പങ്കുണ്ടോ എന്നറിയില്ല. ഉണ്ടാകാനിടയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ആദ്യം നോട്ടീസ് നല്‍കിയെങ്കിലും എത്താതിരുന്ന സുരേന്ദ്രനെ രണ്ടാമതും നോട്ടീസ് നല്‍കിയാണ് വിളിച്ചുവരുത്തിയത്.

Exit mobile version