തിരുവനന്തപുരം: തലസ്ഥാനത്ത് സിക ക്ലസ്റ്റര്‍ രൂപപ്പെട്ടു. ആനയറ ഭാഗത്ത് മൂന്ന് കിലോമീറ്റര്‍ വ്യാപ്തിയില്‍ രോഗബാധ കണ്ടെത്തി. രോഗപ്രതിരോധത്തിന് കര്‍മപദ്ധതി തയ്യാറാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അമിതമായ ഭീതി ഒഴിവാക്കി അതീവ ജാഗ്രതയാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആനയറ കിംസ് ആശുപത്രിക്ക് ചുറ്റളവിലെ 9 ഓളം നഗരസഭാ വാര്‍ഡുകളാണ് സിക ബാധിത പ്രദേശങ്ങളായി കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും 10 മാസം പ്രായമായ കുഞ്ഞും ഉള്‍പ്പെടെ 23 പേരിലാണ് നിലവില്‍ സിക രോഗം സ്ഥിരീകരിച്ചത്.
സിക പ്രതിരോധവുമായി ബന്ധപ്പെട്ട് ഇന്ന് തിരുവനന്തപുരത്ത് അവലോകന യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ രോഗ പ്രതിരോധത്തിനുള്ള കര്‍മപദ്ധതികള്‍ തയ്യാറായിട്ടുണ്ട്. കൊതുക് നിര്‍മാര്‍ജനമാണ് പ്രധാനമായി നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. വീടിന് പരിസരത്ത് കൊതുക് മുട്ടയിട്ട് പെരുകാതിരിക്കാന്‍ ശ്രദ്ധിക്കണം. വീടിനുള്ളില്‍ കൊതുക് വളരാന്‍ അനുവദിക്കരുതെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കും കഴിഞ്ഞ ദിവസം സിക വൈറസ് സ്ഥിരീകരിച്ചിരുന്നു. കോയമ്പത്തൂര്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്ക് സിക വൈറസ് കണ്ടെത്തിയത്. ഇതുകൂടാതെ പൂന്തുറ, ശാസ്തമംഗലം സ്വദേശികള്‍ക്കും ഇന്നലെ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് 22 പേര്‍ക്കാണ് സിക വൈറസ് സ്ഥിരീകരിച്ചതെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും അവരുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കുമാണ് ഇതുവരെ സിക വൈറസ് ബാധിച്ചത്. പാറശ്ശാല സ്വദേശിനിയായ ഗര്‍ഭിണിയിലാണ് ആദ്യം സിക വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവരില്‍ നടത്തിയ പരിശോധനയിലാണ് കൂടുതല്‍ പേരില്‍ വൈറസ് ബാധ കണ്ടെത്തിയത്.
സിക പരിശോധനയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലുള്‍പ്പെടെ സംവിധാനമൊരുക്കിയിട്ടുണ്ട്. സിക ബാധയില്‍ മരണ നിരക്ക് കുറവാണെങ്കിലും ഗര്‍ഭസ്ഥ ശിശുക്കളില്‍ ജനിതക വൈകല്യത്തിന് വൈറസ് ബാധ ഇടയാക്കും.
Discussion about this post