കോഴിക്കോട്: നാളെ മുതൽ എല്ലാകടകളും തുറന്നു പ്രവർത്തിക്കുമെന്ന തീരുമാനത്തിൽ നിന്നും പിന്മാറിയതായി വ്യാപാരികൾ. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച് പ്രശ്ന പരിഹാരം ഉറപ്പുനൽകിയതിനെ തുടർന്നാണ് തീരുമാനം. വെള്ളിയാഴ്ച ഇതുസംബന്ധിച്ച് ചർച്ച ചെയ്യാമാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതിനെ തുടർന്നാണ് തീരുമാനമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.
നേരത്തെ കോഴിക്കോട് ജില്ലയിലടക്കം സംസ്ഥാനത്തെ 14 ജില്ലകളിലേയും മുഴുവൻ കടകളും തുറക്കുമെന്ന് സർക്കാരിനെ വെല്ലുവിളിച്ച് വ്യാപാരി സംഘടന രംഗത്തെത്തിയിരുന്നു. സർക്കാരും വ്യാപാരികളും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് എല്ലാ കടകളും നാളെ തന്നെ തുറക്കുമെന്ന നിലപാട് വ്യാപാരി വ്യവസായി ഏകോപന സമതി സ്വീകരിച്ചത്. 14 ജില്ലകളിലും നാളെ കടകൾ തുറക്കുമെന്നും തടയാൻ പോലീസ് ശ്രമിച്ചാൽ അതും നേരിടാൻ തയ്യാറാണെന്നും വ്യാപാരികൾ വ്യക്തമാക്കിയിരുന്നു.
പിന്നാലെ, സർക്കാർ നിശ്ചയിച്ച പ്രകാരം മാത്രമെ കാര്യങ്ങൾ നടക്കുകയുള്ളൂവെന്നും ഇക്കാര്യം കർശനമായി വ്യാപാരികളെ ബോധിപ്പിച്ചിട്ടുണ്ടെന്നും കോഴിക്കോട് കളക്ടർ നരസിംഹു തേജ് ലോഹിത് റെഡ്ഢിയും അറിയിച്ചിരുന്നു. സമരം നടത്തുകയാണെങ്കിൽ ശക്തമായ നിയമ നടപടികളുണ്ടാകുമെന്നാണ് കളക്ടർ മുന്നറിയിപ്പ് നൽകിയിരുന്നത്.
Discussion about this post