ന്യൂഡൽഹി: കോവിഡ് കാലത്ത് സാമൂഹിക അകലവും മറ്റും പ്രോട്ടോക്കോളും നിലനിൽക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് തന്നെ പൊന്നാടയണിയിക്കാൻ എല്ലാ അവകാശവുമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി പൊന്നാടയണിയിക്കാൻ മുഖ്യമന്ത്രി അനുവാദം ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി.
”താങ്കൾ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. അതിനാൽ പൊന്നാട നൽകാൻ എല്ലാ അവകാശവുമുണ്ട്” പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പൊന്നാട അണിയിക്കുമ്പോൾ ഫോട്ടോ എടുക്കാൻ അദ്ദേഹം ഔദ്യോഗിക ഫോട്ടോഗ്രാഫറോട് പ്രത്യേകം നിർദേശിക്കുകയും ചെയ്തു.
”രാഷ്ട്രീയം വേറെയാണെങ്കിലും വികസനവിഷയവുമായി അതൊരിക്കലും കൂട്ടിക്കുഴയ്ക്കില്ല. കേരളത്തിന്റെ വികസനം എന്റെ സ്വപ്നംകൂടിയാണ്. അതുകൊണ്ട് കേരളത്തിന്റെ പദ്ധതികളിലും വികസന വിഷയങ്ങളിലും ആശങ്കവേണ്ട.” -എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
Discussion about this post