കൂടുതൽ ഇളവുകൾ; എ കാറ്റഗറിയിൽ എല്ലാ കടകളും തുറക്കാം; പ്രവർത്തന സമയം നീട്ടി, ബാങ്കുകൾ എല്ലാ ദിവസവും; തൃപ്തരല്ല, പെരുന്നാൾ വരെ എല്ലാദിവസവും കടകൾ തുറക്കുമെന്ന് വ്യാപാരികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ലോക്ക്ഡൗൺ ഒഴിവാക്കാതെ തന്നെ കടകളുടെ പ്രവർത്തന സമയം നീട്ടിയും ബാങ്കുകൾക്ക് എല്ലാ ദിവസവും പ്രവർത്തന അനുമതി നൽകിയുമാണ് ഇളവുകൾ. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ഇടപാടുകൾക്ക് അനുമതിയുണ്ട്.

എന്നാൽ, കോവിഡ് വ്യാപനം കാര്യമായി കുറയാത്ത നിലവിലെ സാഹചര്യത്തിൽ വാരാന്ത്യ ലോക്ക്ഡൗൺ തുടരും. ഡൽഹിയിൽ നിന്നും ഓൺലൈനിലൂടെ മുഖ്യമന്ത്രി അധ്യക്ഷത വഹിച്ച അവലോകന യോഗത്തിലാണ് തീരുമാനം.

എ കാറ്റഗറിയിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ എല്ലാ കടകൾക്കും എല്ലാ ദിവസവും പ്രവർത്തിക്കാൻ അനുമതിയുണ്ട്. ടിപിആർ നിരക്ക് അഞ്ച് ശതമാനം വരെയാണ് എ കാറ്റഗറി. ടിപിആർ നിരക്ക് പത്തു ശതമാനം വരെയുള്ള ബി കാറ്റഗറിയിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കും എല്ലാ ദിവസവും പ്രവർത്തിക്കാം. എന്നാൽ, മറ്റു കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാത്രി എട്ടു മണി വരെ മാത്രമെ പ്രവർത്തിക്കാവൂ.

സി കാറ്റഗറിയിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് എല്ലാ ദിവസവും പ്രവർത്തിക്കാം. മറ്റ് സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് വെള്ളിയാഴ്ച മാത്രം എട്ട് മണി വരെ പ്രവർത്തിക്കാം. അതേസമയം, ടിപിആർ 15 ശതമാനത്തിന് മുകളിലുള്ള ഡി കാറ്ററഗറിയിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് അനുമതി.

വ്യാപാരികൾ ഉൾപ്പടെയുള്ളവർ വിവിധ മേഖലകളിൽ നിന്ന് കൂടുതൽ ഇളവുകൾ വേണമെന്ന ആവശ്യവുമായി പ്രതിഷേധത്തിലായിരുന്നു. ഇതേതുടർന്നാണ് സർക്കാരിന്റെ പുതിയ തീരുമാനം.

അതേസമയം, കോവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ കൊണ്ടുവന്നിരിക്കുന്ന പുതിയ ഇളവുകളിൽ തൃപ്തരല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. ഒരു മണിക്കൂർ സമയം നീട്ടി നൽകിയത് കൊണ്ട് മാത്രം പരിഹാരമാകില്ല. മുഴുവൻ ദിവസവും കടകൾ തുറക്കാൻ അനുമതി വേണമെന്നാണ് വ്യാപാരികളുടെ നിലപാട്. സർക്കാരിന്റെ നിലപാട് മാറാത്ത അവസ്ഥയിൽ മറ്റന്നാൾ മുതൽ പെരുന്നാൾ വരെ മുഴുവൻ കടകളും തുറക്കാൻ തന്നെയാണ് തീരുമാനമെന്നും സംഘടനയുടെ സംസ്ഥാന അധ്യക്ഷൻ ടി നസറുദ്ദീൻ പ്രതികരിച്ചു.

Exit mobile version