കൊച്ചി: ചികിത്സാപ്പിഴവ് മൂലം ആറു വയസുകാരി മരിച്ച സംഭവത്തില്‍ കുടുംബത്തിന് അനുകൂലമായി ഹൈക്കോടതി വിധി. 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഞ്ജലിയെന്ന ആറുവയസുകാരിയുടെ കുടുംബത്തിന് നീതി ലഭിച്ചത്. വയനാട് കണിയാമ്പറ്റ സ്വദേശി ഗണേഷിന്റെയും മിനിയുടെയും മകള്‍ അഞ്ജലി 2003 ലാണ് മരിച്ചത്.
ഡോക്ടറുടെ അശ്രദ്ധയുടെ മാത്രമല്ല മെഡിക്കല്‍ കൊള്ളയുടെയും ഇരയാണ് അഞ്ജലിയെന്ന് നീരീക്ഷിച്ചാണ് കോടതി വിധി. 1998 ഡിസംബറിലാണ് വയനാട് കണിയാമ്പറ്റ സ്വദേശി ഗണേഷ് ബാബുവിന്റെയും മിനിയുടെയും മകള്‍ അഞ്ജലിയെ രക്താര്‍ബുദത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. മൂന്നുവര്‍ഷത്തെ ചികില്‍ത്സയ്ക്കു ശേഷം രോഗം ഭേദമായതായി ഡോക്ടര്‍ പി.എം. കുട്ടി രക്ഷിതാക്കളെ അറിയിച്ചു.
എന്നാല്‍ 2002 ല്‍ കുഞ്ഞിന് തലവേദനയും ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്ന് ഇതേ ഡോക്ടറെ വീണ്ടും സമീപിച്ചപ്പോള്‍, ചോദിക്കാതെ സ്കാന്‍ ചെയ്തതിന് ശകാരിക്കുകയും സ്വന്തം ലാബില്‍ നിന്ന് വീണ്ടും സ്കാന്‍ ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്തു. നിരന്തരമുണ്ടായ ചികില്‍സാ പിഴവിനെ തുടര്‍ന്ന് 2003 സെപ്റ്റംബറില്‍ അഞ്ജലി മരണത്തിന് കീഴടങ്ങുകയും ചെയ്തു.
2008ല്‍ വിശദമായി ഈ കേസ് പരിശോധിച്ച മനുഷ്യാവകാശ കമ്മിഷന് ഡോക്ടറുടെ പ്രാക്ടീസ് നിര്‍ത്തിവയ്ക്കാനും കുടുംബത്തിന് ഒന്നേമുക്കാല്‍ ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും വിധിച്ചിരുന്നു. ഇതിനെതിരെ ഡോക്ടര്‍ പി.എം. കുട്ടി നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കഴിഞ്ഞദിവസം ഹൈക്കോടതി കുടുംബത്തിന് അനൂകലമായ വിധി പ്രസ്താവിച്ചത്.
Discussion about this post