ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂഡൽഹിയിലെത്തി. ചൊവ്വാഴ്ച വൈകീട്ട് നാലിന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ഡൽഹിയിലെത്തിയ മുഖ്യമന്ത്രിക്ക് കേരളഹൗസ് ജീവനക്കാരുടെ നേത്യത്വത്തിൽ സ്വീകരണം നൽകി. രണ്ടാം തവണയും മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായിട്ടാണ് മുഖ്യമന്ത്രി ഡൽഹിയിലെത്തുന്നത്.
പ്രധാനമന്ത്രിയുമായുള്ള കൂടികാഴ്ചയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ ഡോ. പികെ മിശ്രയെയും മുഖ്യമന്ത്രികാണും. പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യേണ്ട കാര്യങ്ങൾ അവതരിപ്പിക്കുന്നതിന് വേണ്ടിയാണിത്. കെ റെയിലും ചർച്ചവിഷയമാകും. കേന്ദ്രമന്ത്രിയും മലയാളിയുമായ രാജീവ് ചന്ദ്രശേഖറെ കാണാനുള്ള ശ്രമവും ഉണ്ടായേക്കുമെന്നാണ് ഔദ്യോഗികവൃത്തങ്ങൾ നൽകുന്ന സൂചന.
ഉച്ചയ്ക്ക് പെട്രോളിയം, പ്രക്യതിവാതക, ഭവന, നഗരകാര്യമന്ത്രി ഹർദ്ദീപ് സിങ് പുരിയുമായും മുഖ്യമന്ത്രി ചർച്ച നടത്തും. കേരളത്തിന്റെ വികസന കാര്യങ്ങൾ പ്രധാനചർച്ചവിഷയമാകും. ദേശീയതലത്തിൽ സഹകരണമന്ത്രാലയം രൂപികരിച്ചതിലുള്ള ആശങ്കയും മുഖ്യമന്ത്രി പങ്കുവെക്കും. സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്കുള്ള കടന്നുകയറ്റമായി സഹകരണമന്ത്രാലയം മാറുമോ എന്നതാണ് പ്രധാന ആശങ്ക.
സംസ്ഥാന സർക്കാരും ഭരണകക്ഷിയായ സിപിഎമ്മും അമിത് ഷായെ സഹകരണമന്ത്രിയായി നിയോഗിച്ചതിലും പരസ്യമായി ആശങ്ക പ്രകടിപ്പിച്ചിരുന്നു.