ചെര്‍പ്പുളശേരി: ചെര്‍പ്പുളശേരിയിലെ സംഘപരിവാര്‍ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാന്‍ ഡെവലപ്മെന്റ് ബാങ്കില്‍ (ഹിന്ദു ബാങ്ക്) കോടികളുടെ തട്ടിപ്പ് നടന്നതായി സൂചന. ചെര്‍പ്പുളശേരി പോലീസില്‍ ലഭിച്ച പരാതിയില്‍ 97 ലക്ഷം രൂപ കബളിപ്പിക്കപ്പെട്ടുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 15 പേര് ചേര്‍ന്നാണ് ഈ പരാതി നല്‍കിയത്.
ബാങ്കിലെ മുഴുവന്‍ നിക്ഷേപകരും പോലീസിനെ സമീപിച്ചാല്‍ കോടികളുടെ തട്ടിപ്പ് പുറത്തുവരുമെന്നാണ് സൂചന. അതേസമയം പരാതിക്കാരെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
ബാങ്ക് ചെയര്‍മാനും ആര്‍എസ്എസ് മുന്‍ ജില്ലാ ജാഗരണ്‍ പ്രമുഖുമായ സുരേഷ് കൃഷ്ണ, ബിജെപി നേതാവ് പ്രശാന്ത് ആച്ചങ്ങാട്ട് എന്നിവരാണ് പണം പിരിച്ചത്. എസ്ബി അക്കൗണ്ട് എന്ന പേരിലായിരുന്നു പണപ്പിരിവ്.
കഴിഞ്ഞ വര്‍ഷം ആരംഭിച്ച സ്ഥാപനം ഉപയോഗിച്ച് ചെയര്മാന് സുരേഷ് കൃഷ്ണ വന്‍ തോതില്‍ സാമ്പത്തിക ഇടപാട് നടത്തി. 2010ല്‍ ഒരുബൈക്ക് മാത്രമുണ്ടായിരുന്ന ഇയാള്‍ക്ക് ഇപ്പോള്‍ മാരുതി ഈക്കോ നാലെണ്ണം, മാരുതി സ്വിഫ്റ്റ്, ടൊയോട്ട ഗ്ലാന്‍സ, ബൊലേറൊ, നാല് ബൈക്ക് എന്നിവയുണ്ട്.
തൃശൂര്‍ ഹൈസണ്‍ ജീപ്പ് ഷോറൂമില്‍ ജീപ്പ് കോംപസ് ബുക്ക് ചെയ്യാന്‍ 50,000 രൂപ അഡ്വാന്‍സും നല്കി. ഈ പണമെല്ലാം ബാങ്കിന്റെ മറവില്‍ തട്ടിയതാണ്. സുരേഷ് കൃഷ്ണ, ഭാര്യ ഉമാ ദാക്ഷായണി, പ്രശാന്ത് ആച്ചങ്ങാട്ടില്‍, വിനീത ദേവന് എന്നിവരാണ് തട്ടിപ്പിന് കൂട്ടുനിന്നത്. ഏഴ് ഡയറക്ടര്‍മാരുണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ചു. യഥാര്‍ഥത്തില്‍ മൂന്ന് പേരാണ് ഡയറക്ടര്‍മാര്‍.
ഹിന്ദുവിന്റെ പണം ഹിന്ദുവിന്റെ സ്ഥാപനത്തില്‍ നിക്ഷേപിച്ച് ഹിന്ദുമതത്തില്‍പെട്ടവരെ മാത്രം അംഗങ്ങളാക്കി അവര്‍ക്ക് മാത്രം വായ്പയും മറ്റ് സാമ്പത്തിക സഹായങ്ങളും നല്‍കുക ലക്ഷ്യം വെച്ചാണ് ഹിന്ദു ബാങ്ക് എന്ന സ്ഥാപനം ആരംഭിക്കാന്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ തീരുമാനിച്ചത്. മിനിസ്ട്രി ഓഫ് കോഓപറേറ്റിവ് അഫയേഴ്സിനുകീഴില്‍ കമ്പനി ആക്ട് പ്രകാരം 100 ഓളം കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തതായി ഈ വര്‍ഷം ജൂണില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പ്രസ്തുത നീക്കത്തില്‍ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹിന്ദുസ്ഥാന്‍ ഡെവലപ്മെന്റ് ബാങ്ക് എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ചെര്‍പ്പുളശേരിയിലെ സ്ഥാപനം ഈ പദ്ധതിയുടെ ആദ്യപടിയായിരുന്നുവെന്നാണ് വിവരം. ആര്‍എസ്എസ് നെല്ലായ മുന്‍ മണ്ഡല് ഭൗദ്ധിക് പ്രമുഖ് അനില്‍കുമാര്‍, ബിജെപി ഷൊര്‍ണൂര്‍ മണ്ഡലം സെക്രട്ടറി വിനോദ് കുളങ്ങര, ബിജെപി മുന്‍ കീഴൂര്‍ മെംബര്‍ രാജു കൂട്ടാല, സേവാഭാരതി ചെര്‍പ്പളശ്ശേരി നഗര്‍ സെക്രട്ടറി കാര്‍ത്തിക് കറുത്തേടത്ത്, ആര്‍എസ്എസ് ചെര്‍പ്പളശ്ശേരി സഹാകാര്യ വാഹക് അനൂപ് തരുവക്കോണം, ആര്‍എസ്എസ് ചെറുപ്പളശ്ശേരി നഗര്‍ ശാരീരിക് പ്രമുഖ് മനീഷ്, ആര്‍എസ്എസ് ചെര്‍പ്പളശ്ശേരി ഖണ്ഡ് സേവാ പ്രമുഖ് പ്രശാന്ത് എന്നിവരാണ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍. ആര്‍എസ്എസ് ആസ്ഥാനത്ത് നേരിട്ട് ആസൂത്രണം ചെയ്ത പരിപാടിയാണിതെന്നും ചില ആരോപണങ്ങളുണ്ട്.
ചെര്‍പ്പുളശേരിയില്‍ നടന്ന തട്ടിപ്പില്‍ എത്ര പേര്‍ക്ക് പണം നഷ്ടപ്പെട്ടുവെന്ന് കൃത്യമായ അന്വേഷണം നടന്നുവരികയാണ്. വിശ്വാസികളെ കബളിപ്പിക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ ഔദ്യോഗികമായി എന്തെങ്കിലും ശ്രമങ്ങള്‍ നടത്തിയോ എന്നും പരിശോധിക്കപ്പെടും.
വരും ദിവസങ്ങളില്‍ ഹിന്ദു ബാങ്കുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്. എച്ച്ഡിബി നിധി ചെയര്മാന് സുരേഷ് കൃഷ്ണക്കെതിരെ ലഭിച്ച പരാതി പൊലീസ് ഗൗരവമായിട്ടാണ് കാണുന്നത്. ആര്‍എസ്എസ് നേതാവും സംഘപരിവാറിന്റെ സാമൂഹിക മാധ്യമ ചുമതലക്കാരനുമാണ് സുരേഷ് കൃഷ്ണ. സംഘടനയിലെ ഉന്നതരിലേക്കും അന്വേഷണം നീങ്ങുമെന്ന് തീര്‍ച്ച.
Discussion about this post